ബിജെപിയില്‍ ചേരും, കശ്മീരില്‍ കറുത്ത മഞ്ഞ് വീഴുമ്പോള്‍; ഗുലാം നബി ആസാദ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2021 10:21 AM  |  

Last Updated: 12th February 2021 10:41 AM  |   A+A-   |  

gulam_nabi_azad

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്/എഎന്‍ഐ

 


ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കശ്മീരില്‍ കറുത്ത മഞ്ഞ് വീഴുമ്പോള്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 

90 മുതല്‍ നരേന്ദ്രമോദിയുമായി ടെലിവിഷന്‍ സംവാദങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. അവിടെ മോദിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. പരസ്പരം ചായ കുടിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ കുറിച്ച് അറിയില്ലെന്നും ആസാദ് പറഞ്ഞു. 

യാത്രയപ്പ് ചടങ്ങില്‍ ബിജെപി നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ച് ആസാദ് തുറന്നുപറഞ്ഞിരുന്നു. മുന്‍പ്രധാനമന്ത്രി വാജ്‌പേയിയും എല്‍കെ അദ്വാനിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു നീണ്ട കത്ത് എഴുതിയതായും ആസാദ് പറഞ്ഞു. അതിന് ശേഷം സോണിയയെ കണ്ടപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ തയ്യാറാക്കണമെന്ന് പറഞ്ഞതായും ആസാദ് പറഞ്ഞു.

രാജ്യസഭയില്‍ ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി വികാരാധീനനായിരുന്നു. 'സ്ഥാനങ്ങള്‍ വരും, ഉയര്‍ന്ന പദവികള്‍ വരും, അധികാരം കൈവരും... ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യഥാര്‍ഥ സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ കണക്കാക്കുന്നത്.'  എന്നായിരുന്നു മോദിയുടെ വാക്കുകള്‍.