ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ചത് കിലോമീറ്റര്‍, ക്യാമറയില്‍ കുടുങ്ങി; വീണ്ടും ക്രൂരത
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 09:08 PM |
Last Updated: 17th February 2021 09:36 PM | A+A A- |

പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: കാറിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ഗുജറാത്തില്‍ നിന്ന് മറ്റൊരു ക്രൂരത. ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ഒരു കിലോമീറ്റര്‍ ദൂരം ഓടിച്ചു. സോഷ്യല്‍മീഡിയയില്‍ നായയ്ക്ക് എതിരെയുള്ള ക്രൂരതയുടെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സൂറത്തിലാണ് സംഭവം.സോഷ്യല്‍മീഡിയയില്‍ വീഡിയോ കണ്ട സലോണി എന്ന സ്ത്രീ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഹിതേഷ് പട്ടേലാണ് പ്രതികളില്‍ ഒരാള്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. വീഡിയോയില്‍ ദൃശ്യമായ രജിസ്‌ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ബൈക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വീഡിയോയില്‍ ഹിതേഷ് പട്ടേല്‍ യൂണിഫോം ധരിച്ച നിലയിലാണ്. കയ്യില്‍ നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ചങ്ങലയുടെ അറ്റം മുറുകെ പിടിച്ചിരുന്നു. മറ്റേ അറ്റം നായയുടെ കഴുത്തിലും. പട്ടേലിന്റെ കൂട്ടുകാരനാണ് വാഹനം ഓടിച്ചിരുന്നത്. നായയെ കെട്ടിവലിച്ച് ബൈക്ക് ഓടുന്ന വീഡിയോയാണ് ദൃശ്യങ്ങളിലുള്ളത്.
ചത്ത നായയെയാണ് കെട്ടിവലിച്ചതെന്നാണ് ഹിതേഷ് പട്ടേല്‍ വാദിക്കുന്നത്. ശവശരീരം കൊണ്ടുപോകുകയായിരുന്നുവെന്നാണ് വാദം. എന്നാല്‍ നായയ്ക്ക് ജീവന്‍ ഉണ്ടായിരുന്നതായും നായ അനങ്ങുന്നത് ദൃശ്യങ്ങള്‍ വ്യക്തമാണെന്നും മൃഗസ്‌നേഹികള്‍ പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് ഹിതേഷ് പട്ടേലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.