യുവമിഥുനങ്ങള്‍ക്കായി ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും ; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം

ഡേറ്റിങ് ഡെസ്റ്റിനേഷനാക്കുമെന്ന വാഗ്ദാനം യുവാക്കളെ വഴി തെറ്റിക്കുന്നതാതാണെന്ന് ബിജെപി ആരോപിച്ചു
എഎന്‍ഐ ചിത്രം
എഎന്‍ഐ ചിത്രം

വഡോദര : യുവാക്കള്‍ക്ക് കോഫി ഷോപ്പ് അടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ഗുജറാത്തിലെ വഡോദരയിലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഇറക്കിയ പ്രകടനപത്രികയിലാണ് യുവാക്കളെ ആകര്‍ഷിക്കാനായി പുതിയ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്.

കോഫി ഷോപ്പിന് പുറമേ, ഒരോ മേഖലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. മികച്ച ആരോഗ്യ സംവിധാനങ്ങളും കുറഞ്ഞ കെട്ടിട നികുതിയുമാണ് മറ്റ് പ്രധാനവാഗ്ദാനങ്ങള്‍.

അതിനിടെ കോണ്‍ഗ്രസ് പ്രകടനപത്രികയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ഡേറ്റിങ് ഡെസ്റ്റിനേഷനാക്കുമെന്ന വാഗ്ദാനം യുവാക്കളെ വഴിതെറ്റിക്കുന്നതാണ്. ഇത് ഇറ്റാലിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനമാണ്. ഇന്ത്യയിലെ ജനങ്ങള്‍ കുടുംബമായി ജീവിക്കുന്നവരാണ്. കോണ്‍ഗ്രസ് ഇന്ത്യന്‍ സംസ്‌കാരത്തെ അംഗീകരിക്കുന്നില്ല എന്നതിന് തെളിവാണ് ഈ പ്രകടനപത്രികയെന്നും വഡോദര ബിജെപി പ്രസിഡന്റ് വിജയ് ഷാ പറഞ്ഞു.

ഡേറ്റിങ് ഡെസ്റ്റിനേഷനാക്കല്‍ ലവ് ജിഹാദിന് പ്രോല്‍സാഹനം നല്‍കുന്നതാണെന്നും ബിജെപി ആരോപിച്ചു. ശാരീരിക ആകര്‍ഷണം മാത്രമാണ്, അല്ലാതെ വൈകാരികമായ ആകര്‍ഷണം ഡേറ്റിങ്ങില്‍ ഇല്ലെന്നും വിജയ് ഷാ പറഞ്ഞു. ഇത് മദ്യത്തിന്‍രെയും മയക്കുമരുന്നിന്‍രെയും ഉപഭോഗത്തെ വര്‍ധിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ബിജെപിയുടെ ആരോപണം കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ശ്രീവാസ്തവ നിഷേധിച്ചു. എല്ലാത്തിനും രണ്ടു വശമുണ്ട്. ഓരോ പ്രകടനപത്രികയും പുതിയ ഐഡിയോളജിയാണ് മുന്നോട്ടു വെക്കുന്നത്. കാലത്തിന് അനുസരിച്ച് മാറേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍, ഭാവ് നഗര്‍ എന്നീ ആറു നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com