'കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലത്'; ദിശയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 08:56 PM |
Last Updated: 20th February 2021 08:56 PM | A+A A- |

ദിശ രവി/ ട്വിറ്റര്‍
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും. ഒരുമണിക്കൂറോളം നടന്ന വാദത്തിനൊടുവില്‍ മനസാക്ഷിയ്ക്ക് ബോധ്യപ്പെടാതെ തുടര്‍ നടപടികളിലേക്ക് കടക്കാനാവില്ലെന്ന് പ്രോസിക്യൂഷനോട് ജഡ്ജി ധര്‍മേന്ദ്ര റാണ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ ആക്രമണങ്ങള്‍ക്ക് കാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ടൂള്‍ കിറ്റാണെന്നതിന് ഒരു തെളിവുമില്ലെന്ന് ദിശയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
'ആഗോളതലത്തില്‍ കര്‍ഷകരുടെ പ്രതിഷേധം എടുത്തുകാണിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍, ഞാന്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലത്' എന്ന് അഭിഭാഷകന്‍ മുഖേന ദിശ കോടതിയില്‍ പറഞ്ഞു.
ജാമ്യാപേക്ഷയെ ഡല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തു. ദിശ രവിക്ക് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയുമായിരുന്നു ദിശയുടെ ലക്ഷ്യമെന്നും അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു. വാട്‌സാപ് ചാറ്റുകള്‍, ഇമെയിലുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദിശ മനഃപൂര്‍വം നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ദിശയുടെ അഭിഭാഷകന്‍ അഗര്‍വാള്‍ പറഞ്ഞു. ചൊങ്കോട്ടയിലെ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായ ആരും ടൂള്‍കിറ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെയ്തതെന്ന് മൊഴി നല്‍കിയിട്ടില്ല. 'യോഗയും' 'ചായയും' ആണ് ലക്ഷ്യമെന്നാണ് എഫ്‌ഐആറിലെ ആരോപണം. ഇത് കുറ്റകരമാണോയെന്നും അഗര്‍വാള്‍ കോടതിയില്‍ ചോദിച്ചു.