മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്ടറില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ; ഉദ്യോഗസ്ഥനെതിരെ നടപടി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd February 2021 02:30 PM  |  

Last Updated: 23rd February 2021 02:30 PM  |   A+A-   |  

photo shoot

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

 

റായ്പൂര്‍: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് നല്‍കി. സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്ടറായ എ ഡബ്ല്യൂ 109 പവര്‍ എലൈറ്റിലാണ് ഫോട്ടോഷൂട്ട് നടന്നത്. ഹെലികോപ്ടറില്‍ ഇരിക്കുന്ന പ്രതിശ്രുത വധൂവരന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഡ്രൈവര്‍ യോഗേശ്വര്‍ സായിയെ അധികൃതര്‍ സസ്‌പെന്‍ഡു ചെയ്തു. യോഗേശ്വറിന്റെ അടുത്ത സുഹൃത്താണ് വരന്‍. ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ ഉന്നതരുടെ അനുമതി ഉണ്ടെന്ന് പറഞ്ഞ് യോഗേശ്വര്‍ പിന്തിരിപ്പിക്കുകയാരുന്നു. ജനുവരി 20 നായിരുന്നു വിവാദ ഫോട്ടോഷൂട്ട് നടന്നത്.

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ വൈറലായതോടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഫോട്ടോഷൂട്ടിന് പിന്നില്‍ യോഗേശ്വറാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആളുകളെ ഔദ്യോഗിക വാഹനത്തില്‍ പ്രവേശിപ്പിച്ചുവെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അയാള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.