60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2021 03:29 PM  |  

Last Updated: 24th February 2021 03:29 PM  |   A+A-   |  

covid vaccination

പ്രകാശ് ജാവഡേക്കര്‍

 

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍നിര പോരാളികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ 60 വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. ഇതിന് പുറമേ മറ്റു രോഗങ്ങള്‍ അലട്ടുന്ന 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മുഖേനയാണ് വാക്‌സിനേഷന്‍ നടത്തുക. 10000 സര്‍ക്കാര്‍ ആശുപത്രികളും 20000 സ്വകാര്യ ആശുപത്രികളുമാണ് വാക്‌സിനേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടി ജനങ്ങളാണ് വാക്‌സിന്‍ സ്വീകരിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1,21,65,598 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.