പെൺകുട്ടികളെ കയറിപ്പിടിച്ചു; യൂട്യൂബിന്റെ പേരിൽ അശ്ലീല വീഡിയോ ചിത്രീകരണം; മൂന്ന് യുവാക്കൾ പിടിയിൽ

പെൺകുട്ടികളെ കയറിപ്പിടിച്ചു; യൂട്യൂബിന്റെ പേരിൽ അശ്ലീല വീഡിയോ ചിത്രീകരണം; മൂന്ന് യുവാക്കൾ പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: അശ്ലീലം കലർന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് യൂട്യൂബർമാർ പിടിയിൽ. താനെ സ്വദേശികളായ മുകേഷ് ഗുപ്ത (29), ജിതേന്ദ്ര ഗുപ്ത (25), പ്രിൻസ് കുമാർ സാവ് (23) എന്നിവരാണ് പിടിയിലായത്. മുംബൈ പൊലീസിന്റെ സൈബർ സെലാണ് ഇവരെ പിടികൂടിയത്. 

പ്രാങ്ക് വീഡിയോ ചിത്രീകരണത്തിന്റെ പേരിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനും പെൺകുട്ടികളെ ഉപദ്രവിച്ചതിനും പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രാങ്ക് വീഡിയോ എന്ന പേരിലാണ് പ്രതികൾ പെൺകുട്ടികളോട് അശ്ലീലം സംസാരിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇത്തരത്തിൽ വീഡിയോ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ട അഞ്ച് പെൺകുട്ടികളാണ് പൊലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഇതിൽ ഉൾപ്പെടുന്നു. പ്രാങ്ക് വീഡിയോയുടെ പേരിൽ തങ്ങളെ കയറിപിടിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. തുടർന്ന് സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 

2008-ലെ പത്താം ക്ലാസ് പരീക്ഷയിൽ 98.5 ശതമാനം മാർക്കോടെ പാസായ മുകേഷ് ഗുപ്ത നഗരത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷനെടുക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. മറ്റു രണ്ട് പ്രതികളും മുകേഷിന്റെ സഹായികളായിരുന്നു. 

അശ്ലീലം കലർന്ന പ്രാങ്ക് വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരെ ലഭിക്കുന്നത് മനസിലാക്കിയാണ് മൂവരും ഇത്തരത്തിലുള്ള വീഡിയോ ചിത്രീകരിക്കാൻ ആരംഭിച്ചത്. പ്രതികൾക്ക് 17 യൂട്യൂബ് ചാനലുകളും ഫെയ്‌സ്ബുക്ക് പേജുകളുമുണ്ട്. ഇതിലെല്ലാമായി 20 മില്ല്യൺ സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വീഡിയോ അപ്‌ലോഡ്‌ ചെയ്ത് പ്രചരിപ്പിച്ചതിലൂടെ ഏകദേശം രണ്ട് കോടി രൂപ പ്രതികൾ സമ്പാദിച്ചതായും പൊലീസ് പറഞ്ഞു. 

പ്രതികൾ ഇതുവരെ മൂന്നുറോളം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ അപ്‌ലോഡ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകളും നാല് മൊബൈൽ ഫോണുകളും ഒരു ക്യാമറയും പിടിച്ചെടുത്തു. പ്രതികൾക്കെതിരേ ഐടി നിയമത്തിന് പുറമേ പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തതായും വീഡിയോ ചിത്രീകരിക്കാൻ മുകേഷ് ഗുപ്ത വിദ്യാർഥികളെ ദുരുപയോഗം ചെയ്‌തോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com