'എന്റെ അവയവങ്ങള്‍ വിറ്റ് കുടിശ്ശിക അടയ്ക്കൂ...'; പ്രധാനമന്ത്രിക്ക് കത്തെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയില്‍ വൈദ്യുത വിതരണ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് യുവകര്‍ഷകന്‍ ജീവനൊടുക്കി
ആത്മഹത്യ ചെയ്ത മുനേന്ദ്ര രാജ്പുത്‌
ആത്മഹത്യ ചെയ്ത മുനേന്ദ്ര രാജ്പുത്‌


ഭോപ്പാല്‍:മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയില്‍ വൈദ്യുത വിതരണ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് യുവകര്‍ഷകന്‍ ജീവനൊടുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ശേഷമാണ് മുനേന്ദ്ര രാജ്പുത് എന്ന 36കാരന്‍ ആത്മഹത്യ ചെയ്തത്. തന്റെ ശരീരം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്നും എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക അടയ്ക്കണമെന്നും കത്തില്‍ പറയുന്നു. 

കോവിഡ് കാലത്ത് 87,000 രൂപയോളം വൈദ്യുതി കുടിശ്ശിക വന്നതിനെ തുടര്‍ന്ന് വിതരണ കമ്പനി മുനേന്ദ്രയുടെ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും ജപ്തി ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു മുനേന്ദ്രയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുനേന്ദ്രയ്ക്ക് മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 വയസില്‍ താഴെയുള്ള നാല് മക്കളാണ്. 

വമ്പന്‍ ബിസിനസുകാരും രാഷ്ട്രീയക്കാരും കുടിശിക വരുത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെറുവിരല്‍ പോലും അനക്കില്ലെന്ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ മുനേന്ദ്ര പറയുന്നു. സമ്പന്ന വ്യവസായികള്‍ വായ്പയെടുത്താല്‍ തിരിച്ചടവിന് ആവശ്യത്തിനു സമയം നല്‍കുകയോ ഒടുവില്‍ എഴുതിത്തള്ളുകയോ ചെയ്യും. എന്നാല്‍ ഒരു സാധാരണക്കാരന്‍ ചെറിയ തുക വായ്പയെടുത്താന്‍ എന്തുകൊണ്ടാണ് തിരിച്ചടവ് മുടങ്ങുന്നതെന്നു ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാവില്ല. പകരം പൊതുസമൂഹത്തില്‍ അയാളെ അപമാനിക്കാനാണു ശ്രമിക്കുന്നത്. - മുനേന്ദ്ര കുറിച്ചു. 

കൃഷി നശിച്ചതിനെ തുടര്‍ന്നാണ് മുനേന്ദ്രയ്ക്കു വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാതെ വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വിതരണ കമ്പനി നോട്ടിസ് അയയ്ക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും കണ്ടുകെട്ടുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com