വിവാഹിതയാണെന്ന് മറച്ചു വെച്ച് ചാറ്റിങ്ങ്, വിവരമറിഞ്ഞതോടെ വഴക്കായി; യുവാവിനെ തഞ്ചത്തില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തി ; 11 വര്‍ഷങ്ങള്‍ക്ക് ശേഷം യുവതി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 09:02 AM |
Last Updated: 07th January 2021 09:02 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊല്‍ക്കത്ത : സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ കൊലപാതകത്തില്‍ 11 വര്‍ഷത്തിന് ശേഷം സുഹൃത്തായ യുവതി അറസ്റ്റില്‍. 26 കാരനായ ജൂനിയര്‍ മിര്‍ധയുടെ കൊലപാതകത്തിലാണ് സുഹൃത്ത് പ്രിയങ്ക ചൗധരിയെ സിബിഐ അറസ്റ്റ് ചെയ്തത്. 2011 ജൂലായിലായിരുന്നു കൊലപാതകം നടന്നത്.
2010 ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ജൂനിയര്‍ മിര്‍ധയും പ്രിയങ്കയും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് അടുപ്പമായി വളരുകയായിരുന്നു. ഇരുവരും പരസ്പരം കാണുകയും, പ്രിയങ്ക ജൂനിയറിന്റെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു.
ഒരു ബിസിനസസ്സുകാരന്റെ ഭാര്യയായിരുന്നു പ്രിയങ്ക. ഭര്‍തൃപിതാവ് ബല്‍റാം ചൗധരി പ്രശസ്ത ഫുട്‌ബോള്‍ ക്ലബ് മോഹന്‍ ബഗാന്റെ സെക്രട്ടറിയുമായിരുന്നു. എന്നാല്‍ ജൂനിയറിനോടും വീട്ടുകാരോടും താന്‍ വിവാഹിതയാണെന്ന കാര്യം പ്രിയങ്ക മറച്ചു വെച്ചിരുന്നു. യാദൃശ്ചികമായി ഇക്കാര്യം ജൂനിയര്‍ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
വിവരം അറിഞ്ഞ ജൂനിയര്‍ ഇക്കാര്യം മറച്ചു വെച്ചതിനെച്ചൊല്ലി പ്രിയങ്കയുമായി വഴക്കിട്ടു. വഴക്കുമൂര്‍ച്ഛിച്ചതോടെ സൗഹൃദം ഉലഞ്ഞു. ഇതിനിടെ 2011 ജൂലൈ 12 ന് പ്രിയങ്കയുടെ ഫോണ്‍കോള്‍ ജൂനിയറിന് ലഭിക്കുകയും, അദ്ദേഹം ഓഫീസില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് ജൂനിയറിന്റെ അമ്മാവന്, അയാള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു എന്ന ഫോണ്‍കോളാണ് ലഭിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ജൂനിയര്‍ മരിച്ചു എന്നറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവാവിന്റെ നട്ടെല്ലില്‍ ചെറിയ ദ്വാരം കണ്ടതാണ് നിര്‍ണായകമായത്. ഇത് വെടിയേറ്റതാണെന്ന് കണ്ടെത്തി. ഇതോടെ റോഡപകടം എന്നു കരുതിയത് കൊലപാതകമാണെന്ന് വ്യക്തമായി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജൂനിയര്‍ ഇറങ്ങിയ സമയത്ത് പാര്‍ട്ടിക്ക് പോകാനെന്ന് പറഞ്ഞ് പ്രിയങ്കയും വീട്ടില്‍ നിന്നും ഇറങ്ങിയതായി കണ്ടെത്തി. വാഹനത്തില്‍ വെച്ച് പ്രിയങ്ക ആരുമായോ കയര്‍ത്ത് ദീര്‍ഘനേരം സംസാരിച്ചിരുന്നതായി ഡ്രൈവറും മൊഴി നല്‍കി. എന്നാല്‍ ദീര്‍ഘ സംഭാഷണം സംബന്ധിച്ച് പൊലീസിനോട് പ്രിയങ്ക പറഞ്ഞത് അല്‍പ്പനേരം മാത്രമാണ്‌സംസാരിച്ചതെന്നും ഫോണ്‍ ഓഫ് ചെയ്യാന്‍ മറന്നതാണ് അത്രയധികം നേരം കാണിക്കാന്‍ കാരണമെന്നുമാണ്.
ജൂനിയറിന്റെ കൊലപാതകത്തിന് ഉത്തരവാദികളെ പിടികൂടാന്‍ ലോക്കല്‍ പൊലീസ് താല്‍പ്പര്യം കാട്ടിയില്ല. തുടര്‍ന്ന് സിബിസിഐഡി അന്വേഷിച്ചെങ്കിലും അവരും അറസ്റ്റിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ജൂനിയറിന്റെ പിതാവ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുകയും സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയുമായിരുന്നു. സിബിഐ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രിയങ്ക കുറ്റം സമ്മതിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.