തിയേറ്ററിൽ പകുതി സീറ്റിൽ മാത്രം പ്രവേശനം; ഷോകളുടെ എണ്ണം കൂട്ടും; പുതിയ ഉത്തരവുമായി തമിഴ്നാട്

തിയേറ്ററിൽ പകുതി സീറ്റിൽ മാത്രം പ്രവേശനം; ഷോകളുടെ എണ്ണം കൂട്ടും; പുതിയ ഉത്തരവുമായി തമിഴ്നാട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം മാറ്റി സംസ്ഥാന സർക്കാർ. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഷോകളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്. 

മുഴുവൻ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രം രം​ഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ തീരുമാനം തിരുത്തിയത്. 50 ശതമാനം ആളുകൾക്ക് മാത്രമെ തീയേറ്ററിൽ പ്രവേശനം നൽകാവൂവെന്നും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ സിനിമ തീയേറ്ററുകളിൽ ഇനി മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.. മാർച്ച് മാസത്തിൽ രാജ്യമാകെ ലോക്ഡൗൺ വന്നതോടെ അടച്ച തീയേറ്ററുകൾ കോവിഡ് നിരക്കിൽ കുറവ് വന്നതോടെ നവംബർ മാസത്തിൽ തുറക്കാൻ അനുമതി നൽകി. എന്നാൽ 50 ശതമാനം പേർക്ക് മാത്രമായിരുന്നു പ്രവേശനം. ഈ തീരുമാനത്തിൽ ഇളവ് നൽകിയായിരുന്നു പുതിയ തീരുമാനം.

ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം മിക്ക ചിത്രങ്ങളും ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. ഇതുമൂലം തീയേറ്റർ ഉടമകൾ വല്ലാതെ സാമ്പത്തിക ക്‌ളേശം അനുഭവിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് രോഗബാധയിൽ വീണ്ടും കുറവ് വന്നതാണ് സർക്കാർ തീരുമാനത്തിനിടയാക്കിയത്. മാസങ്ങൾക്കകം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടും, അടുത്തയാഴ്ച പൊങ്കൽ ഉത്സവം നടക്കാനിരിക്കുന്നത് കൊണ്ടും കൂടിയായിരുന്നു തീരുമാനം. വിജയ്‌യുടെ 'മാസ്റ്റർ' ആണ് ഇത്തരത്തിൽ ആദ്യം എത്തുന്നത്. ജനുവരി 13നാണ് ചിത്രം റിലീസ് ചെയ്യുക. 2020 അവസാനം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മാസ്റ്റർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com