രാജ്യത്തെ കോവിഡ് ബാധിതരില്‍  70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും ; 153 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
കോവിഡ് പരിശോധന / ഫയല്‍ ചിത്രം
കോവിഡ് പരിശോധന / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ഇതുവരെ 153 പേര്‍ക്ക് ബ്രിട്ടനില്‍ പടരുന്ന ജനികതമാറ്റം സംഭവിച്ച അതി തീവ്ര കോവിഡ് വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. നിലവിലെ കോവിഡ് രോഗികളുടെ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസുപോലും ഉണ്ടായിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ 18 ജില്ലകളിലും, 28 ദിവസത്തിനിടെ രാജ്യത്തെ 21 ജില്ലകളിലും ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 14,301 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,03,73,606 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് 1,73,740 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതില്‍ പകുതിയിലേറെയും കേരളത്തിലാണ്. 11,666 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി ഉയര്‍ന്നിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് 123 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,53,847 ആയി. ഇന്ത്യയില്‍ ഇതുവരെ 23,55,979 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com