ഭരിച്ചത് നാലു മാസം, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു

ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് രാജി
തീരഥ് സിങ് റാവത്ത് / ട്വിറ്റര്‍ ചിത്രം
തീരഥ് സിങ് റാവത്ത് / ട്വിറ്റര്‍ ചിത്രം

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പദവി രാജിവച്ചു. അധികാരത്തിലേറി നാലു മാസം തികയുന്നതിനു മുൻപായിരുന്നു തീരഥ് സിങ്ങിന്റെ അപ്രതീക്ഷിത രാജി. രാത്രി 11 മണിയോടെ രാജ്ഭവനിൽ തന്റെ സഹപ്രവർത്തകർക്കൊപ്പമെത്തിയ അദ്ദേഹം ​ഗവർണർ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് രാജി.

ലോക്സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിൻഗാമിയായി മാർച്ചിലാണു മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നേരിട്ട് എംഎൽഎ ആകണം എന്നാണ് ഭരണഘടന നിഷ്കർഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് രാജി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 10 വരെ തെരഞ്ഞെടുപ്പ് നേരിടാൻ അദ്ദേഹത്തിന് സമയമുണ്ടായിരുന്നു.

മൂന്നു ദിവസത്തെ ഡൽഹി സന്ദർശനത്തിന് ശേഷം ഡെറാഡൂണിലേക്ക് തിരിച്ചെത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു രാജി. ഡൽഹി ‌സന്ദർശനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നദ്ദയ്ത്ത തീരഥ് സിങ് രാജിക്കത്ത് കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com