'രാഹുല്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍'; ആരോഗ്യമന്ത്രിയെ ട്രോളി സോഷ്യല്‍മീഡിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2021 01:22 PM  |  

Last Updated: 08th July 2021 01:22 PM  |   A+A-   |  

Mansukh_Mandaviya

ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

 

ന്യൂഡല്‍ഹി: ഹര്‍ഷവര്‍ധന് പകരക്കാരനായാണ് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായ മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി സ്ഥാനത്ത് എത്തിയത്. എന്നാല്‍ അദ്ദേഹത്തെ മുന്‍പത്തെ ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.  മന്‍സുഖ് മണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെ പഴയ ട്വീറ്റുകള്‍ പലരും കുത്തിപ്പൊക്കിയതോടെ ട്രോളുകളും നിരവധിയായി.

ഇംഗ്ലീഷിലുള്ള തെറ്റായ പ്രയോഗങ്ങളോടെയുള്ള ചില ട്വീറ്റുകള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തെ പലരും ട്രോളുന്നത്. രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്നതടക്കമുള്ള അബദ്ധ ട്വീറ്റും ട്വിറ്ററില്‍ മായാതെ കിടക്കുന്നുണ്ട്. ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന് എഴുതുന്നതിന് പകരം അദ്ദേഹം ട്വീറ്റ് ചെയ്തത് മഹാത്മഗാന്ധിയായിരുന്നു ഞങ്ങളുടെ പിതാവിന്റെ രാഷ്ട്രമെന്നാണ്. ഇതേറ്റെടുത്ത ട്രോളന്‍മാര്‍ ആരോഗ്യ മന്ത്രി എന്നതിന് പകരം മന്ത്രിയുടെ ആരോഗ്യം എന്ന് കുറിച്ചു.

 

'രാഹുല്‍ ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റര്‍ രാഹുല്‍ ജി, ഗാന്ധിജിയുടെ മരണത്തിന് ആര്‍എസ്എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കള്‍ ഇതിനകം എഴുതിയിട്ടുണ്ട്' എന്നായിരുന്നു 2014 അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്. എന്നാല്‍ ഒരുകൂട്ടര്‍ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ അദ്ദേഹത്തെ ട്രോളുന്നത് നിര്‍ഭാഗ്യകരണമെന്നാണ് അവരുടെ വാദം.