മൊബൈല്‍ കാണാതെ പോയി; അഞ്ച് കുട്ടികളെ കെട്ടിയിട്ട് തല്ലിച്ചതച്ച് ഷോക്കടിപ്പിച്ചു; കേസ്

മൊബൈല്‍ കാണാതെ പോയി; അഞ്ച് കുട്ടികളെ കെട്ടിയിട്ട് തല്ലിച്ചതച്ച് ഷോക്കടിപ്പിച്ചു; കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് അഞ്ച് കുട്ടികള്‍ക്ക് നേരെ ഡയറി ഫാം ഉടമയുടെ ക്രൂരത. ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടികളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും വൈദ്യുതി ആഘാതമേല്‍പ്പിക്കുകയും ചെയ്ത ഡയറി ഫാം ഉടമ അവ്‌നേഷ് കുമാര്‍ യാദവിനെതിരെ പൊലീസ് കേസെടുത്തു. 

യുപിയിലെ ബറെയ്‌ലിക്ക് സമീപം ഗംഗാപുര്‍ പ്രദേശത്ത് ഡയറി ഫാം നടത്തുകയാണ് അവ്‌നേഷ് കുമാര്‍. സമീപ ദിവസങ്ങളില്‍ ഇയാളുടെ 30,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ കാണാതായിരുന്നു. സമീപത്ത് താമസിക്കുന്ന കുട്ടികള്‍ ഫോണ്‍ മോഷ്ടിച്ചതായി ഇയാള്‍ സംശയിച്ചു.

ബുധനാഴ്ച അവ്‌നേഷ് കുമാര്‍ അഞ്ച് കുട്ടികളെ അവരുടെ വീടുകളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് തല്ലിച്ചതച്ചു. പിന്നീട് മറ്റു ചിലരുടെ സഹായത്തോടെ വയര്‍ ഉപയോഗിച്ച് കുട്ടികളുടെ ദേഹത്തേക്ക് വൈദ്യുതി കടത്തി വിട്ട് അവരെ ഷോക്കടിപ്പിച്ചു. കുട്ടികളെ ഇയാള്‍ ഡയറി ഫാമിലാണ് തടവില്‍ പാര്‍പ്പിച്ചത്. 

അതിനിടെ അഞ്ച് കുട്ടികളുടെ കുടുംബങ്ങള്‍ മറ്റുള്ളവരുമായി എത്തി ഡയറി ആക്രമിച്ച് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കുട്ടികളെ മോശം അവസ്ഥയില്‍ കണ്ടെത്തി. കുട്ടികളെ അവിടെ നിന്ന് രക്ഷപ്പെടുത്തിയ പൊലീസ് അഞ്ചു പേരെയും പ്രാഥമിക ശുശ്രൂഷയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തങ്ങള്‍ക്ക് വെള്ളം പോലും നല്‍കാതെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിനോട് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അവ്‌നേഷ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ ഉടനെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com