ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ പൊട്ടിത്തെറിച്ചു, ഭാര്യ മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ഉപകരണത്തിന് കേടുപാട് സംഭവിച്ചതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗംഗാപൂര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം. സുല്‍ത്താന്‍ സിംഗും ഭാര്യ സന്തോഷ് മീനയുമാണ് അപകടത്തില്‍പ്പെട്ടത്. ഹൈസ്‌കൂളിലെ പ്രഥമാധ്യാപികയാണ് സന്തോഷ് മീന. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ശ്വാസമെടുക്കുന്നതില്‍ സുല്‍ത്താന്‍ സിംഗിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന സുല്‍ത്താന്‍ സിംഗിന് വേണ്ടിയാണ് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ വാങ്ങിയത്. 

രാവിലെ സ്വിച്ച് ഇട്ടപ്പോള്‍ ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഓക്‌സിജന്‍ ചോര്‍ന്നതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചോര്‍ന്ന ഓക്‌സിജനില്‍ നിന്ന് തീ ആളിപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്തോഷ് മീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. വഴിമധ്യേയാണ് സന്തോഷ് മീന മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേ ആശുപത്രിയിലേക്ക് മാറ്റിയ സുല്‍ത്താന്‍ സിംഗിന്റെ നില ഗുരുതരമായി തുടരുന്നു. ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ ചൈനീസ് നിര്‍മ്മിതമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ വിറ്റ കടയുടമയെ ചോദ്യം ചെയ്തു. ഉപകരണത്തിലെ കംപ്രസറാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com