'പണം മുടക്കിയതാര് ?'; മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. പട്ടികയില്‍ 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്
'പണം മുടക്കിയതാര് ?'; മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് പണം മുടക്കിയത് ആരെന്ന് അറിയണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേന്ദ്രസര്‍ക്കാരിന് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇതിന്റെ സത്യം അറിയണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം. 

അതേസമയം ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. പട്ടികയില്‍ 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ തുടങ്ങിയവരുടെ നമ്പറും പട്ടികയിലുണ്ട്. 

മക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ ആണെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. 10 പ്രധാനമന്ത്രിമാരുടെയും നമ്പറുകള്‍ ചോര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ടെന്നാണു വിവരം.

ഇന്ത്യയിലെ ചോര്‍ത്തലുമായി ബന്ധപ്പെട്ടു പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനാണു പ്രതിപക്ഷ പാര്‍ട്ടികളുടെ തിരുമാനം. ബിജെപി കര്‍ണാടകയില്‍ 'ഓപ്പറേഷന്‍ താമര' നടപ്പിലാക്കിയ സമയത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും ജനതാദള്‍ നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരവും പുറത്തു വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com