ടീച്ചര്‍മാര്‍ എന്തിനാണിങ്ങനെ പണി തരുന്നത്? ആറു വയസ്സുകാരി പ്രധാനമന്ത്രിയോട്, വിഡിയോ

കുട്ടികളുടെ പഠനഭാരം വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതിപ്പെട്ട് കശ്മീരി പെണ്‍കുട്ടി
പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ ആറുവയസുകാരി
പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ ആറുവയസുകാരി

ന്യൂഡല്‍ഹി: കുട്ടികളുടെ പഠനഭാരം വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതിപ്പെട്ട് കശ്മീരി പെണ്‍കുട്ടി. ചെറിയ കുട്ടികള്‍ക്ക് മണിക്കൂറുകളോളം ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനെതിരെയുള്ള  ആറുവയസുകാരിയുടെ വീഡിയോ ദേശീയ ശ്രദ്ധയാകര്‍ഷിച്ചതിന് പിന്നാലെ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നടപടി സ്വീകരിച്ചു.  കുട്ടികളുടെ ഗൃഹപാഠം കുറയ്ക്കുന്നതിന് 48 മണിക്കൂറിനകം പുതിയ നയവുമായി വരാന്‍ വിദ്യാഭ്യാസ വകുപ്പിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്?, പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആറുവയസുകാരിയുടെ ചോദ്യമാണ് ശ്രദ്ധേയമായത്. 'രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഓണ്‍ലൈന്‍ ക്ലാസ്, പോരാത്തതിന് ഗൃഹപാഠവും എന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം.

 പ്രധാനമന്ത്രിയ്ക്ക് വന്ദനം പറഞ്ഞും താനൊരു ആറു വയസ്സുകാരി പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തിയുമാണ് സംസാരം ആരംഭിക്കുന്നത്. 'സൂം ക്ലാസ്സുകളെ കുറിച്ച് ഞാന്‍ അങ്ങയോട് പറയാം. ആറ് വയസ് പ്രായമുള്ളവര്‍, അതായത് ചെറിയ കുട്ടികള്‍- അവര്‍ക്കെന്തിനാണ് ടീച്ചര്‍മാരും സാറന്മാരും ഇത്രയും പഠിക്കാനും എഴുതാനും തരുന്നത്? എനിക്ക് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുന്നത്. ഇംഗ്ലീഷ്, കണക്ക്, പിന്നെ ഉറുദു, ഇവിഎസ് പിന്നെ കമ്പ്യൂട്ടറും. ആറിലും ഏഴിലും പഠിക്കുന്ന വലിയ കുട്ടികള്‍ക്കാണ്  ഇത്രയധികം പണി കൊടുക്കേണ്ടത്.എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ്'- എന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്. 

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കോവിഡ് പ്രതിസന്ധിയില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈനിലൂടെ തുടരുന്ന ക്ലാസുകളുടെ ദൈര്‍ഘ്യമേറുന്നതും കുട്ടികള്‍ക്കനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com