ഒരു തദ്ദേശീയ വാക്‌സിന്‍ കൂടി; ഉടന്‍ വിതരണത്തിന്, 30 കോടി ഡോസിന് ഓര്‍ഡര്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ 

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ
ജമ്മുവിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന്‌ ചിത്രം/ പിടിഐ
ജമ്മുവിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന്‌ ചിത്രം/ പിടിഐ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നതിനിടെ, ഒരു തദ്ദേശീയ വാക്‌സിന്‍ കൂടി ഉടന്‍ രാജ്യത്ത് ലഭ്യമാവും. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി.

നിലവില്‍ മൂന്ന് വാക്‌സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി നിര്‍മ്മിച്ച ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ കൂടി വിതരണത്തിന് എത്താന്‍ പോകുന്നത്. ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്‌സിന്റെ ഒന്ന്, രണ്ട് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. മികച്ച ഫലമാണ് നല്‍കുന്നതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിലാണ് കമ്പനി.

30 കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനിയുമായി ധാരണയിലെത്തിയത്. മുന്‍കൂറായി 1500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറാന്‍ പോകുന്നത്. ഓഗസ്റ്റ്- ഡിസംബര്‍ കാലയളവില്‍ ധാരണയനുസരിച്ചുള്ള വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണത്തിന് എത്തുമെന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com