എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിചിത്ര നടപടികള്‍ തുടരുന്നു

സുരക്ഷ വര്‍ധിപ്പിക്കാനാണെന്നും മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാന്‍ ഇത് സഹായിക്കുമെന്നുമാണ് വിശദീകരണം
പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക്
പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക്


കവരത്തി: എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം. സുരക്ഷ വര്‍ധിപ്പിക്കാനാണെന്നും മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാന്‍ ഇത് സഹായിക്കുമെന്നുമാണ് വിശദീകരണം.

ഓരോ ദ്വീപുകളിലെയും 50 ശതമാനത്തിലധികം പേരും ഉപജീവനം നടത്തുന്നത് മത്സ്യബന്ധനത്തിലൂടെയാണ്. എത്ര ബോട്ടുകള്‍ കടലില്‍ പോകുന്നുണ്ടെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേഷനു വരെ കൃത്യമായ കണക്കുകളില്ല. കോസ്റ്റ് ഗാര്‍ഡും നാവികസേനയും അടക്കമുള്ളവരുടെ കര്‍ശന പരിശോധന ഇപ്പോള്‍ത്തന്നെ ദ്വീപിലുണ്ട്. അതിനിടയിലാണ് കടലില്‍ പോകുന്ന ബോട്ടുകളില്‍ എല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവ് വന്നിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കാനെന്ന പേരില്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നുള്ള ചില പൊടിക്കൈകള്‍ മാത്രമാണ് ഇതെന്ന് ലക്ഷദ്വീപ് എംപി ആരോപിച്ചു. 

ദ്വീപിലേക്കു വരുന്ന കപ്പലുകളിലും ബോട്ടുകളിലും സുരക്ഷാ പരിശോധന ഇരട്ടിയാക്കി. ദ്വീപിലിറങ്ങുന്ന യാത്രക്കാരുടെ വിവരങ്ങള്‍ നേരത്തേ കൊച്ചിയിലും കോഴിക്കോട്ടും മറ്റുമായിരുന്നു ശേഖരിച്ചിരുന്നത്. ഇതു ദ്വീപിലെത്തുമ്പോഴും ശേഖരിക്കും. കപ്പലുകളും ബോട്ടുകളും നിര്‍ത്തുന്ന ബര്‍ത്തുകളിലെല്ലാം കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കും. യാത്രക്കാരുടെ ലഗേജും മറ്റും പരിശോധിക്കാനുള്ള സംവിധാനം കൊച്ചിയില്‍ മാത്രമാണ് നിലവില്‍ ഉള്ളത്. ഇതേ സംവിധാനം ബേപ്പൂരും മംഗലാപുരത്തും സ്ഥാപിക്കാന്‍ നടപടിയെടുക്കും. കേന്ദ്ര സേനയായ സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com