ആയിഷ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം ; 20 ന് ഹാജരാകണമെന്ന് പൊലീസ്

ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തിരുന്നു
ആയിഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം
ആയിഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം


കവരത്തി: ചാനല്‍ ചര്‍ക്കയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ആയിഷ സുല്‍ത്താനയോട് ഈ മാസം 20 ന് നേരിട്ടു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. കവരത്തി പൊലീസാണ് നിര്‍ദേശം നല്‍കിയത്. 

ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തിരുന്നു. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 

'ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത്' എന്നായിരുന്നു പരാമര്‍ശം. രാജ്യവിരുദ്ധമായ പ്രസ്താവനയാണ് ആയിഷ സുല്‍ത്താനയില്‍ നിന്നും ഉണ്ടായതെന്നാണ് ബിജെപി നേതാവ് പരാതിയില്‍ ആരോപിച്ചത്. 

എന്നാല്‍, രാജ്യത്തെയോ സര്‍ക്കാറിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ പരാമര്‍ശം നടത്തിയതെന്ന് ആയിഷ സുല്‍ത്താന പറഞ്ഞു. ലക്ഷദ്വീപില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണ് പ്രസ്താവന നടത്തിയത്. അതില്‍ മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ലെന്നും ആയിഷ പറഞ്ഞു. നേരത്തെ തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് ആയിഷ സുല്‍ത്താന ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com