ലോക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍;  ബംഗാളില്‍ ജൂലൈ ഒന്നു വരെ നിയന്ത്രണം; കര്‍ണാടകയില്‍ 19 ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് 

റസ്റ്റോറന്റുകളും ബാറുകളും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെ തുറക്കാന്‍ അനുവദിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍. പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. ജൂലൈ ഒന്നുവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. 

അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കും. സ്വകാര്യ-കോര്‍പ്പറേറ്റ് ഓഫീസുകളിലും 25 ശതമാനം ജീവനക്കാരേ മാത്രമേ അനുവദിക്കൂ. 10 മണി മുതല്‍ നാലു വരെ മാത്രമേ ഇവ പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

റസ്റ്റോറന്റുകളും ബാറുകളും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെ തുറക്കാന്‍ അനുവദിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ. രാത്രി ഒമ്പതു മണി മുതല്‍ രാവിലെ അഞ്ചു വരെ ജനസഞ്ചാരം നിയന്ത്രിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. 

ഉത്തരാഖണ്ഡില്‍ ജൂണ്‍ 22 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച ലേക്ഡൗണ്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലുള്ളവര്‍ക്ക് ബദ്രിനാഥ്, കേദാര്‍ നാഥ്, ഗംഗോത്രി-യമുനോത്രി തീര്‍ത്ഥാടനത്തിന് അനുവദിക്കുമെന്ന് മന്ത്രി സുബോധ് ഉനിയാല്‍ വ്യക്തമാക്കി. 

കര്‍ണാടകയില്‍ 11 ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും. ബംഗലൂരു റൂറല്‍, ബെലെഗാവി, ചാമരാജനഗര്‍, ചിക്മംഗളൂര്‍, ദക്ഷിണ കന്നഡ, ദാവനഗരെ, ഹാസ്സന്‍, കുടക്, മാണ്ഡ്യ, മൈസൂരു, ശിവമോഗ തുടങ്ങിയ ജില്ലകളില്‍ ജൂണ്‍ 21 വരെ നിയന്ത്രണം തുടരും. അതേസമയം, കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയായ 19 ജില്ലകളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. 

ബംഗലൂരു നഗരം, ബീദര്‍, ചിക്കബല്ലാപൂര്‍, ചിത്രദുര്‍ഗ, തുംകൂര്‍, ഉത്തര കന്നഡ തുടങ്ങി 19 ജില്ലകളിലാണ് ഇളവ് അനുവദിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ജോലിചെയ്യുന്നവര്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പറഞ്ഞു. ഹരിയാന സർക്കാർ ഈ മാസം 21 വരെ ലോക്ഡൗൺ നീട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com