പാര്‍ലമെന്റ് അംഗത്തിന് കുത്തിവെച്ചത് വ്യാജവാക്‌സിന്‍ ; പൊലീസില്‍ പരാതി ; ക്യാമ്പില്‍ പങ്കെടുത്തത് 250 ലേറെ പേര്‍

വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് മുഖ്യാതിഥിയായാണ് എംപിയെ ക്ഷണിച്ചത്
മിമി ചക്രബര്‍ത്തി / ഫെയ്‌സ്ബുക്ക് ചിത്രം
മിമി ചക്രബര്‍ത്തി / ഫെയ്‌സ്ബുക്ക് ചിത്രം

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ മിമി ചക്രബര്‍ത്തിക്ക് വ്യാജ കോവിഡ് വാക്‌സിന്‍ നല്‍കി കബളിപ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ വെച്ചാണ് മിമി ചക്രബര്‍ത്തി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് മുഖ്യാതിഥിയായാണ് എംപിയെ ക്ഷണിച്ചത്. 

വാക്‌സിനേഷന്‍ ചുമതല വഹിക്കുന്ന ഐഎഎസ് ഓഫീസര്‍ ആണെന്ന് പറഞ്ഞ് ക്യാമ്പിന് മേല്‍നോട്ടം വഹിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്യാമ്പാണ് ഇതെന്നാണ് അറസ്റ്റിലായ ദേബാഞ്ചന്‍ ദേബ് അറിയിച്ചതെന്ന് മിമി ചക്രബര്‍ത്തി പറഞ്ഞു. 

250 ഓളം പേരാണ് ക്യാമ്പില്‍ വാക്‌സിന്‍ സ്വീകരിച്ചത്. കോവിഷീല്‍ഡ് ആണെന്ന് പറഞ്ഞാണ് കുത്തിവെച്ചത്. വാക്‌സിന്‍ സ്വീകരിച്ചശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെയാണ് മിമി ചക്രബര്‍ത്തി പൊലീസില്‍ പരാതി നല്‍കിയത്. 

കോവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഓരാളോടും ആധാര്‍ കാര്‍ഡ് വിവരങ്ങളൊന്നും തേടിയില്ലെന്നും എംപി പറഞ്ഞു. ക്യാമ്പില്‍ കുത്തിവെപ്പിന് ഉപയോഗിച്ച വാക്‌സിന്‍ പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസ് കൊല്‍ക്കത്ത പൊലീസ് ഡിറ്റക്ടീവ് ഡിപ്പാര്‍ട്ടുമെന്റിന് കൈമാറിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com