മോദിയുടെ ശരീര ഭാഷമാറി; രാഹുലിന്റെ ട്വിറ്റര്‍ ആക്രമണങ്ങള്‍ പോരാ, ശരദ് പവാറുമായി കൈകോര്‍ക്കണം: ശിവസേന

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നാകെ അണിനിരത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാറുമായി കൈകോര്‍ക്കണമെന്ന് ശിവസേന
ഉദ്ദവ് താക്കറെ, ശരദ് പവാര്‍
ഉദ്ദവ് താക്കറെ, ശരദ് പവാര്‍

മുംബൈ: കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നാകെ അണിനിരത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാറുമായി കൈകോര്‍ക്കണമെന്ന് ശിവസേന. രാഹുല്‍ നിരന്തരം കേന്ദ്രത്തെയും അതിന്റെ നയങ്ങളെയും ആക്രമിക്കുന്നുണ്ട്. എന്നാല്‍ അത് ട്വിറ്ററില്‍ മാത്രമാണെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ ഭരണസഖ്യത്തില്‍ കോണ്‍ഗ്രസുമായുള്ള ഭിന്നതകള്‍ രൂക്ഷകമാകുന്നതിനിടെയാണ് ശിവസേന പ്രതിപക്ഷ ഐക്യത്തെ കുറിച്ചുള്ള സന്ദേശവുമായി രംഗത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

പ്രധാനമന്ത്രിയുടെ ശരീരഭാഷ മാറിയിരിക്കുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടു പോയെന്ന് അദ്ദേഹത്തിന് അറിയാം. ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷം വിഘടിച്ചു നില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കു ഭീഷണിയൊന്നുമില്ലെന്ന് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ആത്മവിശ്വാസമുണ്ടെന്നും  ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഒരുമിപ്പിക്കാന്‍ എന്‍സിപി മേധാവി ശരദ് പവാറിനൊപ്പം ചേരുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടതെന്നും ശിവസേന അഭിപ്രായപ്പെടുന്നു. 

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാന്‍ പവാറിനു കഴിയും. അപ്പോള്‍ നേതൃസ്ഥാനത്തെക്കുറിച്ച് ചോദ്യമുയരും. കോണ്‍ഗ്രസ് നയിക്കുമെന്നു പ്രതീക്ഷിച്ചാല്‍ തന്നെ ആ പാര്‍ട്ടിക്ക് ഒരു ദേശീയ പ്രസിഡന്റ് ഇല്ലാത്ത അവസ്ഥയാണെന്നും സേന കുറ്റപ്പെടുത്തുന്നു. യുപിഎ എന്ന സംവിധാനം നിലവിലുണ്ടെങ്കിലും രാജ്യത്ത് ശക്തവും സംഘടിതവുമായ പ്രതിപക്ഷം നിലവിലുണ്ടോ എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്.
പവാറിന്റെ വീട്ടില്‍ നടന്ന രണ്ടര മണിക്കൂര്‍ യോഗം തന്നെ പ്രതിപക്ഷത്തിന്റെ യഥാര്‍ഥ അവസ്ഥ വെളിപ്പെടുത്തുന്നുവെന്നു സേന പരിഹസിച്ചു. 

മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചതിനുപ്പറത്തേക്ക് ഒന്നും സംഭവിച്ചില്ല. രാജ്യം നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് കാഴ്ചപ്പാടില്ലെന്നാണു സംഘാടകര്‍ പറഞ്ഞത്. പരിഹാര നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു നല്‍കുമെന്നും രാഷ്ട്രീയ മഞ്ച് അറിയിച്ചു. യശ്വന്ത് സിന്‍ഹ രൂപീകരിച്ച രാഷ്ട്രീയ മഞ്ച് എന്ന സംഘടന നിലവിലുണ്ടെന്ന് എല്ലാവരും അറിഞ്ഞു എന്നതാണ് പവാറിന്റെ വീട്ടിലെ യോഗത്തിലുണ്ടായ ഏകനേട്ടമെന്നും സേന അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com