'എന്റെ ആന്റിബോഡി കൗണ്ട് 300, കോവിഡിനെ പ്രതിരോധിക്കാന്‍ ഇത് തന്നെ ധാരാളം'; വാക്‌സിന്‍ ആവശ്യമില്ലെന്ന് ഹരിയാന ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായിരിക്കേ, തനിക്ക് വാക്‌സിന്‍ ആവശ്യമില്ല എന്ന വിചിത്രവാദവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്
വാക്‌സിന്‍ പരീക്ഷണത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി അനില്‍ വിജ്/ ഫയല്‍ ചിത്രം
വാക്‌സിന്‍ പരീക്ഷണത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി അനില്‍ വിജ്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായിരിക്കേ, തനിക്ക് വാക്‌സിന്‍ ആവശ്യമില്ല എന്ന വിചിത്രവാദവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. കോവിഡ് രോഗത്തിന് ശേഷം നിലവില്‍ വാക്‌സിന്‍ എടുക്കാന്‍ തനിക്ക് സാധിക്കില്ല. തന്റെ ആന്റിബോഡ് കൗണ്ട് 300 ആണ്. ഇത് തന്നെ കോവിഡിനെ പ്രതിരോധിക്കാന്‍ ധാരാളമാണെന്നും അനില്‍ വിജ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിച്ചാണ് രണ്ടാം ഘട്ട പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ് യജ്ഞത്തിന് തുടക്കമിട്ടത്. അര്‍ഹതയുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് മോദി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് അനില്‍ വിജിന്റെ വിചിത്രവാദം. 

'ഞാന്‍ വാക്‌സിന്‍ സ്വീകരിക്കില്ല. ഇന്ന് ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങി. കോവിഡ് രോഗത്തിന് ശേഷം നിലവില്‍ എനിക്ക് വാക്‌സിന്‍ എടുക്കാന്‍ സാധിക്കില്ല. എന്റെ ആന്റിബോഡി കൗണ്ട് 300 ആണ്. ഇത് കോവിഡ് പ്രതിരോധത്തിന് ധാരാളമാണ്.കോവിഡ് വാക്‌സിന്റെ പരീക്ഷണ ഘട്ടത്തില്‍ ഞാന്‍ സന്നദ്ധ പ്രവര്‍ത്തകനായി നിന്ന് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. നിലവില്‍ എനിക്ക് വാക്‌സിന്‍ ആവശ്യമില്ല' - ഇതാണ് ട്വീറ്റിലെ അനില്‍ വിജിന്റെ വരികള്‍.

ഡിസംബറിലാണ് കോവിഡ് ബാധിച്ച് അനില്‍ ചികിത്സ തേടിയത്. നവംബറില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ സന്നദ്ധ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് സന്നദ്ധ പ്രവര്‍ത്തകനാകാന്‍ തയ്യാറായത്.പിന്നാലെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് ഉടന്‍ തന്നെ ഇദ്ദേഹത്തിന് രോഗം വന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ വാക്‌സിന്റെ ഒരു ഡോസ് മാത്രമാണ് അന്ന് അനില്‍ വിജ് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com