അടിയന്തരാവസ്ഥ തെറ്റു തന്നെ ; ഇന്ദിരാഗാന്ധി ഇത് മനസ്സിലാക്കിയിരുന്നുവെന്ന് രാഹുല്‍ഗാന്ധി

രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും തമ്മില്‍ വളരെ വ്യത്യാസങ്ങളുണ്ട്
രാഹുല്‍ ഗാന്ധി /ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടി തെറ്റായിരുന്നു എന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍, ഇന്ത്യന്‍ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേശകനും, കോര്‍ണല്‍ സര്‍വകലാശാല പ്രൊഫസറുമായ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. 

അടിയന്തരാവസ്ഥ തീര്‍ച്ചയായും ഒരു തെറ്റായിരുന്നു. രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും തമ്മില്‍ വളരെ വ്യത്യാസങ്ങളുണ്ട്. ഒരു ഘട്ടത്തിലും രാജ്യത്തെ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. എന്നാല്‍, ഇന്ന് ബിജെപിയും ആര്‍എസ് എസും രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നുവെന്ന് മുത്തശ്ശി ഇന്ദിര ഗാന്ധി മനസിലാക്കിയിരുന്നു. ആ നടപടി തെറ്റാണെന്ന് പറഞ്ഞിരുന്നുവെന്നും രാഹുല്‍ വിശദീകരിച്ചു. ആധുനിക ജനാധിപത്യ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയിലാണ്. എന്നാല്‍ ഈ സന്തുലിതാവസ്ഥ ഇന്ത്യയില്‍ അക്രമിക്കപ്പെടുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആര്‍ എസ് എസ് നുഴഞ്ഞു കയറി. 

ഇത് ആസൂത്രിതമായ അക്രമണമാണെന്നും രാഹുല്‍ ആരോപിച്ചു. രാജ്യസ്വാതന്ത്ര്യത്തിനായി പോരാടുകയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വത്തിനായി നിലകൊള്ളുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യത്തിനായി വാദിക്കുന്നയാളാണ് താനെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com