നിയന്ത്രണങ്ങളില്‍ ഇളവ്, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല; വിശദീകരണവുമായി തമിഴ്‌നാട്

ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേരളത്തിന് ഇളവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേരളത്തിന് ഇളവ്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധമല്ല. കേരള ഗതാഗത സെക്രട്ടറിയെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി എന്നിവ ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനം വഴി വരുന്നവര്‍ക്കും ഇത് ബാധകമാണ്. ഫലത്തില്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ ഇ പാസ് കരുതണം. സര്‍ക്കാര്‍ പോര്‍ട്ടലില്‍ കയറിവേണം ഇ പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

നിയന്ത്രണങ്ങളുടെ ഭാഗമായി 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തിവിടുകയുള്ളൂവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലേക്ക് പോകാന്‍ മലയാളികള്‍ മുഖ്യമായി ആശ്രയിക്കുന്ന വാളയാര്‍ വഴി വരുന്നവര്‍ക്കും ഇത് ബാധകമാണെന്നും കോയമ്പത്തൂര്‍ കലക്ടര്‍ കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് പാലക്കാട് കലക്ടറെ അറിയിച്ചതായുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞപ്പോഴാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് അധികൃതര്‍ വ്യക്തമാക്കിയത്.

തുടര്‍ച്ചയായ നാലാംദിവസവും തമിഴ്നാട്ടില്‍ 500ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ നാലായിരത്തിലധികം പേരാണ് ചികിത്സയിലുള്ളത്. കേരളം, മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ രൂക്ഷമാണ് എന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും പൂര്‍ണമായി നിയന്ത്രണ വിധേയമായിട്ടില്ല. മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com