എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4000 രൂപ വീതം, പെട്രോള്‍ വില 5 രൂപ കുറയ്ക്കും, ഗ്യാസ് സിലിണ്ടറിന് 100 രൂപ സബ്‌സിഡി ; ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ

30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകള്‍ എഴുതിതള്ളും
സ്റ്റാലിന്‍ ഡിഎംകെ മാനിഫെസ്റ്റോ പുറത്തിറക്കുന്നു / പിടിഐ ചിത്രം
സ്റ്റാലിന്‍ ഡിഎംകെ മാനിഫെസ്റ്റോ പുറത്തിറക്കുന്നു / പിടിഐ ചിത്രം

ചെന്നൈ : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടനപത്രിക. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എംകെ സ്റ്റാലിന്‍ ഡിഎംകെ മാനിഫെസ്റ്റോ പുറത്തിറക്കി. അധികാരത്തില്‍ എത്തിയാല്‍ തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും മാനിഫെസ്റ്റോ വാഗ്ദാനം ചെയ്യുന്നു. 

30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകള്‍ എഴുതിതള്ളും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ടാബ് ലറ്റ് വിതരണം ചെയ്യും. പാല്‍വില മൂന്നു രൂപ കുറയ്ക്കുമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. 500 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ റദാക്കി പ്രമേയം പാസാക്കും. 

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മാസം 4000 രൂപ വീതം നല്‍കും. വസ്തു നികുതി വര്‍ധിപ്പിക്കില്ല. തിരുക്കുറല്‍ ദേശീയ പുസ്തകമാക്കും. തെരുവ് കച്ചവടക്കാര്‍ക്കായി രാത്രി സുരക്ഷിതമായി തങ്ങാന്‍ ഷെല്‍ട്ടര്‍ നിര്‍മ്മിക്കും. പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായി ഒരു ലക്ഷം പേര്‍ക്ക് 25,000 രൂപ വീതം നല്‍കും. 

ഹിന്ദു ക്ഷേത്രങ്ങളുടെ നവീകരണത്തിനായി 1000 കോടി അനുവദിക്കും. പള്ളികളും മോസ്‌കുകളും സംരക്ഷിക്കുന്നതിനായി 200 കോടി വീതം അനുവദിക്കും. അമ്മ കാന്റീന് ബദലായി 500 കലൈഞ്ജര്‍ ഫുഡ് സ്റ്റാളുകള്‍ ആരംഭിക്കും. സ്ത്രീകള്‍ക്ക് പ്രസവാവധി 12 മാസമായി ഉയര്‍ത്തും. 

വ്യവസായ സ്ഥാപനങ്ങളില്‍ 75 ശതമാനം തമിഴര്‍ക്ക് ജോലി ഉറപ്പാക്കും. കര്‍ഷകര്‍ക്ക് മോട്ടോറുകള്‍ വാങ്ങാന്‍ 10,000 രൂപ വീതം നല്‍കും. നിയമസഭ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യും. ട്രിച്ചി, മധുരൈ, സേലം, നെല്ലായ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മിക്കും. വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് ഉറപ്പാക്കാന്‍ പ്രത്യേകമന്ത്രാലയം രൂപീകരിക്കും. 

അണ്ണാഡിഎംകെ മന്ത്രിമാരുടെ അഴിമതികേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കും. ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന കമ്മീഷന്റെ നടപടി വേഗത്തിലാക്കുമെന്നും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com