നിത അംബാനിയെ വിസിറ്റിങ് പ്രൊഫസര്‍ ആയി ക്ഷണിച്ച് ബനാറസ് സര്‍വകലാശാല; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസര്‍ ആക്കാനുള്ള നീക്കത്തിന് എതിരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം.
നിത അംബാനി/ഫയല്‍ ചിത്രം
നിത അംബാനി/ഫയല്‍ ചിത്രം

ലക്‌നൗ: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസര്‍ ആക്കാനുള്ള നീക്കത്തിന് എതിരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. നാല്‍പ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ വി സി രാകേഷ് ബത്‌നാഗറിന്റെ വസതിയ്ക്ക് മുന്നില്‍ ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തി. 

വുമണ്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിങ് പ്രൊഫസര്‍ ആകാന്‍ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് നിതയെ ക്ഷണിച്ചത്. ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യു കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍ എന്നിവരെയും വിസിറ്റിങ് പ്രൊഫസര്‍മാരായി നിയമിക്കാന്‍ യുണിവേഴ്‌സിറ്റി പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്. 

റിലയന്‍സ് ഫൗണ്ടേഷന്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് നിതയെ വിസിറ്റിങ് പ്രൊഫസറാകാന്‍ ക്ഷണിച്ചത് എന്നാണ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ കൗശല്‍ കിഷോറിന്റെ പ്രതികരണം. 

എന്നാല്‍ വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സിറ്റി അധികൃതര്‍ തെറ്റായ വഴിയാണ് സ്വീകരിക്കുന്നത് എന്ന് വിദ്യാര്‍ത്ഥിയായ ശുഭം തിവാരി പറഞ്ഞു. ഒരു കോടീശ്വരന്റെ ഭാര്യ എന്നത് നേട്ടമല്ലെന്നും ഇത്തരത്തിലുള്ള ആളുകളെ തങ്ങള്‍ ഐക്കണുകളായി കാണുന്നില്ലെന്നും ശുഭം കൂട്ടിച്ചേര്‍ത്തു. സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് യൂണിവേഴ്‌സിറ്റി ചിന്തിക്കുന്നതെങ്കില്‍ അരുണിമ സിന്‍ഹ, ബചേന്ദ്രി പാല്‍, മേരി കോം തുടങ്ങിയ സ്ത്രീകളെയാണ് ക്ഷണിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com