'എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല'; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയോ? സസ്‌പെന്‍സ് നിറച്ച് അമിത് ഷാ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2021 09:02 PM |
Last Updated: 28th March 2021 09:02 PM | A+A A- |

അമിത് ഷാ, ശരത് പവാര്‍
ന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം നിഷേധിക്കാതെ അമിത് ഷാ. 'എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല' എന്ന് ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
പവാറും അമിത് ഷായും തമ്മില്‍ ശനിയാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ഒരു ഗുജറാത്തി മാധ്യം റിപ്പോര്‍ട്ട് ചെയ്തത്. സഖ്യകക്ഷി സര്‍ക്കാരില്‍ ശിവസേനയും എന്‍സിപിയുമായി നിരന്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നതെന്ന അഭ്യൂഹം പരന്നിരിക്കുന്നത്.
അഹമ്മദാബാദിലെ ഒരു ഫാം ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് എതിരായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. അനിലിന് എതിരെ ശിവസേന മുഖപത്രമായ സാംനയില്‍ എഡിറ്റോറിയലും വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.