ഇനിയും കണ്ടെത്താനുള്ളത് 79 പേരെ, ടൗട്ടെ മുക്കിയ ബാർജിലുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നേവി കരയ്ക്കെത്തിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ; ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജ് മുങ്ങി കാണാതായവർക്കുള്ള അന്വേഷണം തുടരുന്നു. 79 പേരെയാണ് കണ്ടെത്താനുള്ളത്. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നേവി കരയ്ക്കെത്തിച്ചു. നേവിയുടെ മൂന്ന് കപ്പലുകളും ഹെലികോപ്റ്ററുകളും  രക്ഷാപ്രവ‍ർത്തനത്തിന്‍റെ ഭാഗമാണ്. 

അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുന്‍പാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദമൻ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വ്യോമനിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

പി 305 ബാര്‍ജില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താല്‍വര്‍ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ ഭൂഷണ്‍ ഓയില്‍ റിഗും എസ്എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് തല്‍വാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍

മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com