കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണം; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

കോവിഡ് കാരണം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് കാരണം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരുമോ, ഇവരില്‍ വരുമാനം ഉള്ള ഒരാളോ മരിച്ച കുട്ടികള്‍ക്കെല്ലാം സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നാണ് ആവശ്യം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയ വിദ്യാലയങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കണം. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷ നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികളെയെല്ലാം ദത്തെടുക്കുമെന്ന് അവിടുത്തെ കോണ്‍ഗ്രസ് നേതാവ് ജി എസ് ബാലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ഈ വിഷയത്തില്‍ സോണിയ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്.

നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്  മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വലിയ ഭരണ നേട്ടമായിരുന്നുവെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ അടക്കമുള്ള മികവുള്ള വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കണം എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആയിരക്കണക്കിന് കുട്ടികളെയാണ് അനാഥരാക്കിയത്. അവരെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവശേഷിക്കുന്ന ഒരാള്‍ നന്നേ ബുദ്ധിമുട്ടേണ്ടിവരുന്ന സാഹചര്യമാണുള്ളത് എന്നകാര്യവും സോണിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com