11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളില്‍ 'മാനിപ്പുലേറ്റഡ് മീഡിയ ടാഗ്' നല്‍കണം; ട്വിറ്ററിന് കോണ്‍ഗ്രസിന്റെ കത്ത്

കോവിഡ് ടൂള്‍കിറ്റ് വിവാദം ചൂടുപിടിക്കുന്നതിനിടെ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ 'മാനിപുലേറ്റഡ് മീഡിയ' ടാഗ് ചേര്‍ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്ററിന് കത്തയച്ചു.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല

ന്യൂഡല്‍ഹി: കോവിഡ് ടൂള്‍കിറ്റ് വിവാദം ചൂടുപിടിക്കുന്നതിനിടെ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ 'മാനിപുലേറ്റഡ് മീഡിയ' ടാഗ് ചേര്‍ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്ററിന് കത്തയച്ചു. സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പടെ 11 കേന്ദ്രമന്ത്രിമാരുടെ പോസ്റ്റുകളില്‍ ടാഗ് ചേര്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

രവിശങ്കര്‍ പ്രസാദ്, പ്രഹ്ലാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, രമേശ് പൊക്രിയാല്‍,താരാചന്ദ് ഗെഹ്ലോട്ട്, ഹര്‍ഷവര്‍ധന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് എതിരെയും മാനിപ്പുലേറ്റഡ് ടാഗ് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. 

വ്യാജവും കെട്ടിച്ചമച്ചതുമായ രേഖകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 11 കേന്ദ്ര മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിന്റെ ലീഗല്‍, പോളിസി ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റിയുടെ ലീഡ് വിജയ ഗദ്ദേ, ഡെപ്യൂട്ടി ജനറല്‍ കൗണ്‍സെലും വൈസ് പ്രസിഡന്റുമായ ജിം ബേക്കര്‍ എന്നിവര്‍ക്കാണ് കത്തെഴുതിയത്. 

കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി ടൂള്‍കിറ്റ് നിര്‍മിച്ചെന്ന ബിജെപി വക്താവ് സംബിത് പത്രയുടെ ട്വീറ്റിനാണ് ട്വിറ്റര്‍ ആദ്യം ടാഗ് നല്‍കിയത്. കോവിഡിന്റെ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നും മോദി വകഭേദമെന്നും പരിഹസിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു സാംബിത് പത്രയുടെ ആരോപണം. ഈ ട്വീറ്റിന് മാനിപുലേറ്റഡ് മീഡിയ എന്ന ഹാഷ്ടാഗ് നല്‍കിയതിനെതിരേ ട്വിറ്ററിന് സ്‌പെഷ്യല്‍ സെല്‍ നോട്ടീസ് അയച്ചിരുന്നു.

നോട്ടീസ് നല്‍കിയതിന് പിറകേ ട്വിറ്ററിന്റെ ഡല്‍ഹിയിലേയും ഗുഡ്ഗാവിലെയും ഓഫീസുകളില്‍ പരിശോധനയും നടത്തിയിരുന്നു. ഇന്ന് രണ്ടുകോണ്‍ഗ്രസ് നേതാക്കള്‍ക്കും ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com