'നമ്മള്‍ സ്വയം അപഹസിക്കപ്പെടുന്നു'; നാരദ കേസില്‍ ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സിറ്റിങ് ജഡ്ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2021 02:13 PM  |  

Last Updated: 28th May 2021 02:13 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

കൊല്‍ക്കത്ത: നാരദാ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി കൈകാര്യം ചെയ്തതില്‍ കടുത്ത പിഴവുകള്‍ വന്നെന്നു സിറ്റിങ് ജഡ്ജിയുടെ വിമര്‍ശനം. ഹൈക്കോടതിക്കു ചേരാത്ത വിധമാണ് കേസ് കൈകാര്യം ചെയ്തതെന്നും ഇതിലൂടെ കോടതി സ്വയം അപഹസിക്കപ്പെട്ടെന്നും സീനിയര്‍ ജഡ്ജിമാര്‍ക്ക് അയച്ച കത്തില്‍ ജസ്റ്റിസ് അരിന്ദം സിന്‍ഹ വിമര്‍ശിച്ചു.

രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു നേതാക്കളെ അറസ്റ്റു ചെയ്തതിനു പിന്നാലെ കേസ് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി റിട്ട് ആയി പരിഗണിച്ച് നേരിട്ടു ഡിവിഷന്‍ ബെഞ്ച് കൈകാര്യം ചെയ്തത് കീഴ് വഴക്കങ്ങളുടെ ലംഘനമാണ് ജസ്റ്റിസ് സിന്‍ഹ കുറ്റപ്പെടുത്തി. ഭരണഘടനയുമായോ ഏതെങ്കിലും നിയമവുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട ഒരു ചോദ്യവും ഉയര്‍ത്താത്ത ഹര്‍ജിയായിരുന്നു അത്. സാധാരണ ഗതിയില്‍ സിംഗിള്‍ ബെഞ്ച് കേള്‍ക്കേണ്ട ആ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് നേരിട്ടു കേട്ടത് കീഴ് വഴക്കങ്ങളുടെ ലംഘനമാണ്.

പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതില്‍ അഭിപ്രായ ഐക്യം ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് വിശാല ബെഞ്ചിനു വിട്ട നടപടിയെയും ജസ്റ്റിസ് സിന്‍ഹ വിമര്‍ശിച്ചു. മൂന്നാം ജഡ്ജിയുടെ അഭിപ്രായം തേടുകയായിരുന്നു ഡിവിഷന്‍ ബെഞ്ച് ചെയ്യേണ്ടിയിരുന്നത്. കേസ് അഞ്ചംഗ ബെഞ്ച് കേള്‍ക്കുന്നതു വരെ പ്രതികള്‍ തടങ്കലില്‍ കഴിയേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടായത്. അഞ്ചംഗ ബെഞ്ച് ഒരു ദിവസം വാദം മാറ്റിവച്ചതിനെയും ജസ്റ്റിസ് സിന്‍ഹ വിമര്‍ശിച്ചു.

കോടതി സ്വയം പരിശോധിക്കേണ്ട കാര്യങ്ങളാണ് ഇവ. ഇതിനായി ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസിനെയും മുതിര്‍ന്ന ജഡ്ജിമാരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ ജസ്റ്റിസ് സിന്‍ഹ ആവശ്യപ്പെട്ടു.

അതിനിടെ അറസ്റ്റിലായ നാലു പേര്‍ക്കും ഹൈക്കോടതി ഇന്നു ജാമ്യം അനുവദിച്ചു. സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം, മദന്‍ മിത്ര, സൊവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കാണ് അഞ്ചംഗ ബെഞ്ച് ജാമ്യം നല്‍കിയത്.