വനിതാ എംപിക്കു നേരെ ചീമുട്ടയേറ്; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 04:39 PM  |  

Last Updated: 26th November 2021 04:39 PM  |   A+A-   |  

aparajita_sarangi

ബിജെഡി എംപി അപരാജിത സാരംഗ


ഭുവനേശ്വര്‍: മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ വാഹനത്തിന് മുട്ടയെറിഞ്ഞതിന് പിന്നാലെ ബിജെഡി എംപി അപരാജിത സാരംഗിയ്ക്ക് നേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ ആക്രമണം നടത്തി. മുഖ്യമന്ത്രിക്ക് നേരെ പുരിയില്‍ വച്ചും എംപിയ്ക്ക് നേരെ ഭുവനേശ്വറില്‍ വച്ചുമായിരുന്നു ആക്രമണം. അവശ്യസാധനങ്ങളുടെയും ഇന്ധനവിലവര്‍ധനവിനുമെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ആക്രമണം.

ബിജെഡിയുടെ പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ആക്രമത്തില്‍ തന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നതായും കേടുപാടുകള്‍ പറ്റിയതായും എംപി പറഞ്ഞു. അക്രമികളുടെ കൈയില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായും പരാതില്‍ പറയുന്നു. അതിനിടെ ബാലസോറിലെ പുതിയ റെയില്‍വെ സ്റ്റേഷന്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ഭരണകക്ഷിയായ ബിജെഡി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. 

പരിപാടിയില്‍ പങ്കെടുത്ത ബിജെപി എംപി പ്രതാപ് സാരംഗിയുടെയും എംഎല്‍എ സ്വരൂപ് ദാസിന്റെയും സാന്നിധ്യത്തിലായിരുന്നു സംഭവം. ബിജെഡി പ്രവര്‍ത്തകര്‍ നവീന്‍ പട്‌നായികിന് ജയ് വിളിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയ് വിളിച്ചു. വാക്കേറ്റം  രൂക്ഷമായതോടെയും എംപിയും എംഎല്‍എയും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.