പ്രിയങ്കയെ പിടിച്ചുതള്ളി, ഹൂഡയെ വളഞ്ഞിട്ടു 'വിരട്ടി'; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ യുപി പൊലീസിന്റെ കയ്യേറ്റം (വീഡിയോ)

കര്‍ഷക സമരത്തിനിടെ അക്രമത്തില്‍ 9പേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നേരെ യുപി പൊലീസിന്റെ കയ്യേറ്റം
കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന്
കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന്


ലഖ്‌നൗ: കര്‍ഷക സമരത്തിനിടെ അക്രമത്തില്‍ 9പേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നേരെ യുപി പൊലീസിന്റെ കയ്യേറ്റം. പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയെയും പൊലീസ് ബലംപ്രയോഗിച്ച് തള്ളി മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് വെളുപ്പിന് അഞ്ചുമണിക്കാണ് സീതാപൂരില്‍ വെച്ച് പ്രിയങ്ക ഗാന്ധിയെയും സംഘത്തെയു യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇടയിലേക്ക് വാഹനമിടിച്ചു കയറ്റുന്നവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ശശി തരൂര്‍ എംപി പറഞ്ഞു. 

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.
പ്രധാന പാതകള്‍ എല്ലാം അടച്ചതിനാല്‍ മറ്റു വഴികളിലൂടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സീതാപൂരിലെത്തിയത്. ഇവിടെവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലഖിംപുരിന് പുറത്ത് തങ്ങളെ പൊലിസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍ പറഞ്ഞു. 

നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലഖ്‌നൗവില്‍ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ കാല്‍നടയായി പ്രിയങ്കയും സംഘവും ലഖിംപുര്‍ ഖേരിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് പൊലീസ് അനുമതിയോടെ വാഹനത്തിലായിരുന്നു പ്രിയങ്കയുടെ യാത്ര.സീതാപൂരിലെത്തിയപ്പോള്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദര്‍ശനത്തിനെതിരെ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനം സമരക്കാര്‍ക്ക് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com