'ചക്രയില്‍  12 ഇതളുകള്‍, രോഗങ്ങളില്‍ നിന്ന് സംരക്ഷണം';  51 ശക്തിപീഠങ്ങളുടെ കഥ, അവസാന ഭാഗം- വീഡിയോ

51 ശക്തിപീഠങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ അവസാന ഭാഗം
കൊല്‍ക്കത്ത കാളിഘട്ട് കാളി ക്ഷേത്രം, പിടിഐ
കൊല്‍ക്കത്ത കാളിഘട്ട് കാളി ക്ഷേത്രം, പിടിഐ

ന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ശക്തിപീഠങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ അവതാരമായ കാലഭൈരവനും ആദിപരാശക്തിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്താല്‍ ഛേദിക്കപ്പെട്ട സതിയുടെ ശരീരഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളാണ് ശക്തി പീഠങ്ങള്‍. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം ശക്തി പീഠങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാന്‍, നേപ്പാള്‍, തിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലായി ശക്തിപീഠങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. കശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി ആദിപരാശക്തിയെ ആരാധിക്കുന്നു. 51 ശക്തിപീഠങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ അവസാന ഭാഗം:

42. കിരീടേശ്വരി ദേവി ശക്തി പീഠം

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലാണ് ഈ ക്ഷേത്രം. സതിദേവിയുടെ കിരീടം വീണ സ്ഥലമാണിത്. സാങ് വര്‍ത്തയാണ് ഭൈരവ മൂര്‍ത്തി. 
ശരീരഭാഗങ്ങള്‍ വീഴുന്നതിന്  പകരം ദേവിയുടെ ആഭരണം വീണതിനാല്‍ ദേവിയെ മുകുടേശ്വരി (കിരീടധാരിയായ ദേവി) ആയി ആരാധിക്കുന്നു. കിരീടേശ്വരി, മിക്ക ശക്തി പീഠങ്ങളിലെയും പോലെ, പല പേരുകളിലും വിളിക്കുന്നു - ദേവി വിമല, കിരിത്കണ എന്നിങ്ങനെ. ഭഗീരഥി നദിക്കരയിലെ ക്ഷേത്രമൈതാനത്ത് മഹാമായ ഉറങ്ങുന്നതായി ഭക്തര്‍ വിശ്വസിക്കുന്നു. പീഠത്തിന് ഏകദേശം 1,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതായി പഴമക്കാര്‍ പറയുന്നു.

പ്രധാന ഉത്സവങ്ങള്‍: വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഡിസംബറിലോ ജനുവരിയിലോ കിരീടേശ്വരി മേള നടക്കുന്നു.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (239 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ദഹപാറ (3 കി.മീ)


43. രത്‌നാവലി ശക്തി പീഠം


പശ്ചിമ ബംഗാള്‍ ഹൂഗ്ലിയിലാണ് ക്ഷേത്രം. സതിദേവിയുടെ വലത് തോള്‍ വീണ സ്ഥലമാണിത്. ഘണ്ടേശ്വറാണ് ഭൈരവ മൂര്‍ത്തി. ഹൂഗ്ലി ജില്ലയിലെ ഖനകുല്‍-കൃഷ്ണ നഗറിലെ രത്‌നാകര്‍ നദിയുടെ തീരത്താണ് സതിയുടെ വലത് തോള്‍ വീണതെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആനന്ദമയീ ക്ഷേത്രം എന്നാണ് പ്രാദേശികമായി ഈ പീഠം അറിയപ്പെടുന്നത്.  രത്‌നാവലിയില്‍, ദേവി പാര്‍വതിയുടെ കൗമാരപ്രായത്തിലുള്ള 16 വയസ്സുള്ള കുമാരിയാണ് പ്രതിഷ്ഠ. 

ഉത്സവങ്ങള്‍: ദുര്‍ഗാപൂജയും നവരാത്രിയും

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (78 കി.മീ)

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഹൗറ (74 കി.മീ)

44.ഭ്രമരി ദേവി ശക്തി പീഠം

പശ്ചിമ ബംഗാള്‍ ജല്‍പായ്ഗുരിയിലെ ത്രിസ്രോതയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് കാല്‍ വീണ സ്ഥലമാണിത്. ഈശ്വരന്‍ എന്ന പേരിലാണ് ഭൈരവ മൂര്‍ത്തിയെ ഇവിടെ ആരാധിക്കുന്നത്.നാസിക്കില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ടീസ്ത നദിയുടെ തീരത്തും ഒരു ഭ്രമരി ദേവി ക്ഷേത്രം ഉണ്ട്. ദേവിയുടെ ഹൃദയമായ 'ചക്ര'യില്‍ 12 ഇതളുകളുണ്ടെന്ന് തന്ത്ര വിശ്വസിക്കുന്നു, ഇത് മനുഷ്യരെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നു. 

ഉത്സവങ്ങള്‍: കുംഭം, നവരാത്രി

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: മെയ്-ജൂലൈ, സെപ്റ്റംബര്‍-ഒക്ടോബര്‍

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ബാഗ്‌ഡോഗ്ര (47 കി.മീ)

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റാന്‍ഡ്: ജല്‍പായ്ഗുരി (20 കി.മീ)

45.നന്ദികേശ്വരി ശക്തി പീഠം

പശ്ചിമ ബംഗാളിലെ ബിര്‍ഭുമിലാണ് ക്ഷേത്രം. സതിദേവിയുടെ കണ്ഠാഭരണം പതിച്ച സ്ഥലമാണിത്. ഭൈരവന്‍ നന്ദികേശ്വര രൂപത്തിലാണ് ക്ഷേത്രത്തിന്റെ കാവല്‍.

നന്ദികേശ്വരി ക്ഷേത്രം മയൂരാക്ഷി എന്ന നദിക്കടുത്താണ്. ഇവിടെ പ്രതിഷ്ഠയില്ല. സിന്ദൂരം തുടര്‍ച്ചയായി പൂശി നൂറ്റാണ്ടുകള്‍ കൊണ്ട് ചുവന്ന നിറത്തിലേക്ക് മാറിയ പാറ കല്ലിനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്റെ കാളയായ നന്ദിയെ ഇവിടെ ആരാധിക്കുന്നു, കൃഷി, ഉപജീവനം എന്നിവയെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു.  ഭക്തര്‍ ആഗ്രഹം നിറവേറ്റാന്‍ നൂലുകള്‍ കോമ്പൗണ്ടിലെ ഒരു പുണ്യവൃക്ഷത്തില്‍ കെട്ടുന്നു.

ഉത്സവങ്ങള്‍: പൈശാചിക ശക്തികള്‍ക്കെതിരായ നന്ദികേശ്വരിയുടെ വിജയം ആഘോഷിക്കുന്ന ശരത്കാല നവരാത്രങ്ങള്‍,ദുര്‍ഗാ പൂജ.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (190 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ബിര്‍ഭും (1.5 കി.മീ)


46. താരതരിണി ശക്തി പീഠം

ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് ഈ ക്ഷേത്രം. തുംകേശ്വറാണ് ഇവിടത്തെ ഭൈരവ മൂര്‍ത്തി.പൂര്‍ണഗിരി കുന്നുകള്‍ക്ക് മുകളിലുള്ള ക്ഷേത്രം ഒരു ആദിപീഠമാണ്. ഇത് നാല് ശക്തിപീഠങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.പ്രധാന ശ്രീകോവിലിനുള്ളില്‍ ബുദ്ധന്റെ ഒരു ചെറിയ വിഗ്രഹം ഉണ്ട്്. സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച സ്ത്രീ മുഖത്തിന്റെ ആകൃതിയിലുള്ള രണ്ട് കല്ലുകളാണ് വിഗ്രഹങ്ങള്‍

ഉത്സവങ്ങള്‍: ചൈത്ര മാസത്തില്‍ (മാര്‍ച്ച്-ഏപ്രില്‍) എല്ലാ ചൊവ്വാഴ്ചയും നാല് മേളകള്‍ നടക്കുന്നു. ഏപ്രില്‍ പകുതിയോടെയാണ് മഹാവിശുഭ സംക്രാന്തി ആഘോഷിക്കുന്നത്. ചൈത്ര ചൊവ്വാഴ്ചകളില്‍, ഭക്തര്‍ അവരുടെ ആദ്യത്തെ ആചാരപരമായ മുടി മുറിക്കലിനായി കുട്ടികളെ കൊണ്ടുവരുന്നു

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-ഫെബ്രുവരി

ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍: ഭുവനേശ്വര്‍ (174 കി.മീ), വിശാഖപട്ടണം (240 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ബ്രഹ്‌മപൂര്‍ (32 കി.മീ)


47.സുഗന്ധാ ദേവി ശക്തി പീഠം

ബംഗ്ലാദേശിലെ ശിക്കാര്‍പൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സതിദേവിയുടെ മൂക്ക് പതിച്ച സ്ഥലമാണിത്. ത്രയംബക് രൂപത്തിലാണ് ഭൈരവ മൂര്‍ത്തി.

സുഗന്ധ നദിയുടെ തീരത്താണ് ദേവി സുനന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ നിഴല്‍ ഒരിക്കലും നദിയില്‍ വീഴരുതെന്ന് ആഗമ ശാസ്ത്രം വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, സ്ഥലത്ത്, ക്ഷേത്രത്തിന്റെ നിഴല്‍ വെള്ളത്തില്‍ വീഴുന്നു, ഇത് ആത്മീയ ഊര്‍ജ്ജത്തിന് കരുത്തുപകരുന്നതാണ് എന്നാണ് വിശ്വാസം.  

ഉത്സവം: വാര്‍ഷിക ശിവ ചതുര്‍ദശി

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: വര്‍ഷം മുഴുവനും

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ബാരിസാല്‍ (21 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ജല്‍കത്തി (8 കി.മീ)


48. ബര്‍ഗാഭീമ ദേവി ശക്തി പീഠം


പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂറിലാണ് ഈ ശക്തിപീഠം. സതിദേവിയുടെ ഇടത് കണങ്കാല്‍ പതിച്ച സ്ഥലമാണിത്. സര്‍വനന്ദ എന്ന രൂപത്തിലാണ് ഇവിടെ ഭൈരവ പ്രതിഷ്ഠ.

രൂപനാരായണ നദിയുടെ തീരത്ത് 1,150 വര്‍ഷം പഴക്കമുള്ള ബര്‍ഗാഭീമ ക്ഷേത്രം വിഭശ ശക്തി പീഠം എന്നും ഭീമകാളി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ബര്‍ഗഭീമ ക്ഷേത്രത്തിലെ ദേവി, പീഠം നിര്‍മ്മിച്ച മയൂര്‍-ധ്വജ് രാജാക്കന്മാരുടെ കുലദൈവമാണ്. മഹാഭാരത കാലത്ത് ഈ സ്ഥലം ഭീമന്റെ ഉടമസ്ഥതയിലായിരുന്നുവെന്ന് കരുതപ്പെടുന്നു. അതിനാലാണ് ക്ഷേത്രത്തിന് ഈ പേര്. 

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (88 കി.മീ)
 

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഖരഗ്പൂര്‍ (85 കി.മീ)


49.ദേവി ബിരാജ ശക്തി പീഠം

ഒഡീഷയിലെ ജജ്പൂരിലാണ് ക്ഷേത്രം. വരാഹനാണ് ഇവിടത്തെ ഭൈരവമൂര്‍ത്തി.ബൈതറാണി നദീതീരത്താണ് ഈ ക്ഷേത്രം. മഹിഷാസുരമര്‍ദിനിയെ ഇവിടെ ബിരാജയായി ആരാധിക്കുന്നു.

ആദിശങ്കരന്‍ ദേവിക്ക് ഗിരിജ എന്ന പേര് കൂടി നല്‍കി. അതിനാല്‍ ജജ്പൂരിനെ ബിരാജ ക്ഷേത്രം എന്നും ബിരാജ പീഠം എന്നും വിളിക്കുന്നു.മഹിഷാസുരന്റെ നെഞ്ചില്‍ ഒരു കുന്തം തുളച്ചുകയറ്റിയ നിലയിലും ഒരു കാല്‍ സിംഹത്തിന്മേലും മറ്റേത് അസുരന്റെ നെഞ്ചില്‍ ചവിട്ടിയ നിലയിലുമുള്ള ദുര്‍ഗ്ഗയുടെ രൂപത്തിലാണ് വിഗ്രഹം. കിരീടത്തില്‍ ഗണേശ ചിഹ്നവും ചന്ദ്രക്കലയും ശിവലിംഗവും ഉണ്ട്. അഞ്ചാം നൂറ്റാണ്ട് മുതല്‍ ആരാധന തുടരുകയാണ്. പിണ്ഡദാനം നടത്താന്‍ തീര്‍ത്ഥാടകര്‍ ഇവിടെയെത്തുന്നു. ഒരു തവണ ദര്‍ശനം നടത്തിയാല്‍ എല്ലാ രജോ ഗുണങ്ങളും കഴുകിക്കളയുന്നുവെന്ന് സ്‌കന്ദ പുരാണം പറയുന്നു.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: സെപ്റ്റംബര്‍-ഒക്ടോബര്‍

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ഭുവനേശ്വര്‍ (125 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ജജ്പൂര്‍ കിയോഞ്ജര്‍ റോഡ് (31 കി.മീ)

50. വിമല ദേവി ശക്തി പീഠം


ഒഡീഷയിലെ പുരിയിലാണ് ക്ഷേത്രം. സതിദേവിയുടെ കാലുകള്‍ പതിച്ച സ്ഥലമാണിത്. ജഗന്നാഥന്‍ എന്ന പേരിലാണ് ഇവിടെ ഭൈരവമൂര്‍ത്തി. 

വിമല ക്ഷേത്രം പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഒരു വിശുദ്ധ കുളത്തിനരികിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ ദേവിയെ ജഗന്നാഥനോടൊപ്പം ആരാധിക്കുന്നു. ദേവിയുടെ വിഗ്രഹത്തില്‍ വലതു കൈയില്‍ ഒരു ജപമാലയുണ്ട്. അതേസമയം ആരാധകരെ താഴത്തെ വലതു കൈകൊണ്ട് അനുഗ്രഹിക്കുന്നു. ദേവി താഴെ ഇടതു കൈയില്‍ അമൃത് നിറച്ച ഒരു പാത്രം പിടിച്ചിരിക്കുന്നു. ജഗന്നാഥന് സമര്‍പ്പിക്കുന്ന പ്രസാദം വിമലയ്ക്ക് സമര്‍പ്പിക്കുന്നതുവരെ മഹാപ്രസാദമാകില്ല. 

പതിനെട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ പുരിയില്‍ ഗോവര്‍ദ്ധന മഠം സ്ഥാപിച്ചു.ക്ഷേത്രം നാല് പ്രധാന ശക്തി പീഠങ്ങളില്‍ ഒന്നാണ്. എല്ലാ പുരുഷ ദേവന്മാരുടെയും ഭക്തരുടെയും പിന്നിലുള്ള സ്ത്രീശക്തിയായി വിമലയെ കണക്കാക്കുന്നു. ദേവി വിഷ്ണുവിന്റെയും ശിവന്റെയും ശക്തിയാണെന്നാണ് ഐതിഹ്യം.

ഉത്സവങ്ങള്‍: ദുര്‍ഗാപൂജ, നവരാത്രി ആഘോഷം

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ജൂണ്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ഭുവനേശ്വര്‍ (60 കി.മീ)

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റാന്‍ഡ്: പുരി

51.ദേവി ജയദുര്‍ഗ ശക്തി പീഠം

ഝാര്‍ഖണ്ഡിലെ ദിഗോറിലാണ് ക്ഷേത്രം. സതിദേവിയുടെ ഹൃദയം പതിച്ച സ്ഥലമാണിത്. ബൈദ്യനാഥ് എന്ന പേരിലാണ് ഭൈരവനെ ആരാധിക്കുന്നത്.


ഹൃദയപീഠം എന്ന് വിളിക്കപ്പെടുന്ന ഈ ദേവാലയത്തെ ചിതഭൂമി എന്നും വിളിക്കുന്നു. 72 അടി ഉയരമുള്ള ക്ഷേത്രത്തിനുള്ളിലെ ദേവിയുടെ വിഗ്രഹം ബാബ ബൈദ്യനാഥ് ധാം ക്ഷേത്രത്തിന് നേരെ എതിര്‍വശത്താണ്. ചുവന്ന സില്‍ക്ക് ചരടുകള്‍ രണ്ട് ക്ഷേത്രങ്ങളുടെയും മുകള്‍ ഭാഗത്തെ ബന്ധിപ്പിക്കുന്നു. ഈ മുകള്‍ത്തട്ടുകളെ സ്വന്തം പട്ടുനൂലുകള്‍ കൊണ്ട് ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതം അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. 

ഉത്സവങ്ങള്‍: ശ്രാവണി മേള, അശ്വയുജ നവരാത്രി, മഹാ ശിവരാത്രി

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: സിമ്ര, ദിയോഗര്‍ (8 കി.മീ)

അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍: ബൈദ്യനാഥം, ദിയോഗര്‍ ജംഗ്ഷന്‍ (3 കി.മീ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com