പ്രിയങ്കാ ​ഗാന്ധി അറസ്റ്റിൽ

പ്രിയങ്ക അറസ്റ്റിലായെന്ന് യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനും ട്വീറ്റ് ചെയ്തിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്നൗ: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധി അറസ്റ്റിലായെന്ന് റിപ്പോർട്ടുകൾ. കർഷകരുടെ പ്രതിഷേധം നടക്കുന്ന ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ഇന്ന് പുലർച്ചെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് യുപി കോൺ​ഗ്രസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പ്രവർത്തകർ ഉടനെ സ്ഥലത്ത് എത്തിച്ചേരണമെന്നും ട്വീറ്റിൽ പറയുന്നു. പ്രിയങ്ക അറസ്റ്റിലായെന്ന് യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹാർ​ഗാവിൽ വച്ചാണ് പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു. 

ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചതിന് പിന്നാലെയാണ് ഇവിടം സന്ദർശിക്കാൻ പ്രിയങ്ക ഇന്ന് എത്തിയത്. അതിനിടെയാണ് പ്രിയങ്കയെ യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലഖ്നൗവില്‍ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ കാല്‍നടയായി പ്രിയങ്കയും സംഘവും ലഖിംപുർ ഖേരിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് പൊലീസ് അനുമതിയോെട വാഹനത്തിലായിരുന്നു പ്രിയങ്കയുടെ യാത്ര. 

ഇത് കർഷകരുടെ രാജ്യമാണെന്നും അവരെ കാണുന്നതിൽ നിന്ന് എന്തിനാണ് തടയുന്നതെന്നും പ്രിയങ്ക ചോദിച്ചു. കർഷകരുടെ ശബ്ദം കൂടുതൽ ശക്തമാകുമെന്നും അവർ വ്യക്തമാക്കി. 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിങ് അറിയിച്ചു. അജയ് മിശ്രയുടെ മകന്റെ വാഹനമാണ് ഇടിച്ചതെന്ന് കർഷക സംഘടനകൾ ആരോപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കർഷക സംഘടനകൾ ഇന്ന് രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കർഷക നേതാവ് രാകേഷ് ടികായത്തും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും യുപിയിലേക്ക് യാത്ര തിരിച്ചു. എട്ട് കർഷകർക്ക് പരിക്കേറ്റതായി കർഷക സംഘടനകൾ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ താൻ ദുഃഖിതനാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേശവ് പ്രസാദ് മൗര്യയും അജയ്കുമാർ മിശ്രയും പങ്കെടുക്കുന്ന പരിപാടി ഞായറാഴ്ച ലഖിംപുരിലെ ബൻവീറിൽ നിശ്ചയിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാനായി ഇരുവരും ലഖിംപുരിലെ മഹാരാജ അഗ്രസൻ സ്പോർട്സ് ഗ്രൗണ്ട് ഹെലിപാഡിൽ ഇറങ്ങുന്നുവെന്ന് അറിഞ്ഞ കർഷകർ, ഹെലിപാഡ് ഉപരോധിക്കാനായി കരിങ്കൊടിയേന്തി അവിടെയെത്തി. ഇതിനിടെയാണ് സംഘർഷമുണ്ടായത്. വിവാദ കർഷക നിയമങ്ങൾക്കെതിരായ സമരത്തിന് ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com