'കൊറോണ മാതാ ക്ഷേത്രം' തകര്‍ത്തതിന് എതിരെ ഹര്‍ജി; 5,000 രൂപ പിഴയിട്ട് സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ കോറോണ മാതാ ക്ഷേത്രം പൊളിച്ചതിന് എതിരെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കോറോണ മാതാ ക്ഷേത്രം പൊളിച്ചതിന് എതിരെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജിക്കാര്‍ക്ക് 5,000രൂപയുടെ പിഴയും കോടതി വിധിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

'രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ക്ക് ഒന്നും പരാതിക്കാര്‍ ക്ഷേത്രം നിര്‍മ്മിച്ചിട്ടില്ല. രേഖകള്‍ പ്രകാരം ക്ഷേത്രം നിര്‍മ്മിച്ചത് തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയിലാണ്. ഈ വിഷയത്തില്‍ പൊലീസ് കേസ് നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത് കോടതിയുടെ അധികാരപരിധി ദുരുപയോഗം ചെയ്യുന്നതാണെന്ന് കരുതുന്നു' എന്നും കോടതി നിരീക്ഷിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതിയുടെ വെല്‍ഫെയര്‍ ഫണ്ടിലേക്ക് പണം അടയ്ക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. 

പ്രതാപ്ഗഡിലാണ് ദീപമാല ശ്രീവാസ്തവ എന്ന സ്ത്രീയും ലോകേഷ്േ കുമാര്‍ ശ്രീവാസ്തവ എന്നയാളും ചേര്‍ന്ന് കൊറോണ മാതാ ക്ഷേത്രം നിര്‍മ്മിച്ചത്. ജൂണ്‍ ഏഴിന് നിര്‍മ്മിച്ച ക്ഷേത്രം, ജൂണ്‍ പതിനൊന്നിന് രാത്രി തകര്‍ത്തു. പൊലീസാണ് ക്ഷേത്രം തകര്‍ത്തത് എന്നാണ് ഗ്രാമീണര്‍ ആരോപിക്കുന്നത്. 

ഗ്രാമീണരുടെ സഹായാത്താലാണ് ക്ഷേത്രം നിര്‍മ്മിച്ചത്. ഇതിനുള്ളില്‍ കൊറോണ മാതാ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. രാധേശ്യാം വെര്‍മ എന്നയാളെ ഇതിന്റെ പുരോഹിതനായി നിയമിക്കുകയും ചെയ്തു. ഗ്രാമത്തിലുള്ളവര്‍ക്ക് കോവിഡ് വരാതിരിക്കാനാണ് ക്ഷേത്രം കെട്ടി പൂജിച്ചത്. 

നാഗേഷ് കുമാര്‍ എന്നയാളുടെയും ലോകേഷിന്റെയും പേരിലാണ് ഭൂമി. നോയിഡയില്‍ താമസിക്കുന്ന ലോകേഷ്, ക്ഷേത്രം പണിത ശേഷം തിരിച്ചുപോയി. ഇതിന് ശേഷം നാഗേഷ് പൊലീസില്‍ പരാതിയുമായെത്തി. തന്റെ പേരില്‍ക്കൂടിയുള്ള വസ്തു പിടിച്ചെടുക്കാനുള്ള ശ്രമമായാണ് ക്ഷേത്രം പണിതത് എന്ന് നാഗേഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com