'ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്, കുടുംബത്തിന്റെ വോട്ട് പോലും ലഭിച്ചില്ല'; സോഷ്യല്‍മീഡിയയില്‍ പരിഹാസം, വിശദീകരണവുമായി നേതാവ് 

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ബിജെപി പ്രവര്‍ത്തകന് ലഭിച്ച ഒരു വോട്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡി കാര്‍ത്തിക്, ട്വിറ്റര്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡി കാര്‍ത്തിക്, ട്വിറ്റര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ബിജെപി പ്രവര്‍ത്തകന് ലഭിച്ച ഒരു വോട്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു. കുടുംബത്തില്‍ അഞ്ചു അംഗങ്ങളിരിക്കേ, ഒരു വോട്ട് മാത്രം ലഭിച്ചതാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

കോയമ്പത്തൂര്‍ ജില്ലയില്‍ പെരിയനായ്ക്കന്‍പാളയത്തില്‍ വാര്‍ഡ് മെമ്പറാവാന്‍ മത്സരിച്ച ഡി കാര്‍ത്തിക്കാണ് സോഷ്യല്‍മീഡിയയുടെ പരിഹാസത്തിന് വിധേയനായത്. മാറി വോട്ട് ചെയ്യാന്‍ തീരുമാനിച്ച കുടുംബത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി ട്വിറ്ററില്‍ കുറിച്ചത്. തമിഴ്‌നാട് ബിജെപിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ തെളിവാണിതെന്നാണ് കോണ്‍ഗ്രസ് നേതാവ് അശോക് കുമാറിന്റെ പരിഹാസം. ബിജെപിക്ക് ഏക വോട്ട് എന്ന പേരില്‍ ട്വിറ്ററില്‍ വാര്‍ത്ത വ്യാപകമായാണ് പ്രചരിക്കുന്നത്.

എന്നാല്‍ ബിജെപി യൂത്ത് വിംഗ് ജില്ലാ ഡെപ്യൂട്ടി പ്രസിഡന്റായ കാര്‍ത്തിക്ക് ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു. ബിജെപിക്ക് വേണ്ടി താന്‍ മത്സരിച്ചിട്ടില്ലെന്ന് കാര്‍ത്തിക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദീകരിച്ചു. 'കാര്‍ ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. എന്റെ കുടുംബത്തിന് ഞാന്‍ മത്സരിച്ച വാര്‍ഡില്‍ വോട്ടില്ല. 9-ാം വാര്‍ഡിലാണ് ഞാന്‍ മത്സരിച്ചത്. നാലാം വാര്‍ഡില്‍ ആണ് എനിക്ക് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേര്‍ക്കും വോട്ടുള്ളത്. എന്റെ വീട്ടുകാര്‍ പോലും വോട്ട് ചെയ്തില്ല എന്നിങ്ങനെ വിവിധ തരത്തില്‍ സോഷ്യല്‍മീഡിയയില്‍ എന്നെ തെറ്റായി ചിത്രീകരിക്കുകയാണ്.' - കാര്‍ത്തിക്കിന്റെ വാക്കുകള്‍ ഇങ്ങനെ. 

ഒക്ടോബര്‍ ആറ്, ഒന്‍പത് തീയതികളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. 27,003 സ്ഥാനങ്ങളിലേക്കായി 79,433 പേരാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com