ലഖിംപൂര്‍ സംഘര്‍ഷം : കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കാണും ; അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യം

അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ലഖീംപുര്‍ ഖേരി വിഷയത്തില്‍ കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. ലഖീംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കും. 

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ എ കെ ആന്റണി, കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് രാഷ്ട്രപതിയെ കാണുന്നത്. രാവിലെ പതിനൊന്നരക്കാണ് കൂടിക്കാഴ്ച. 

കേസില്‍ ആശിഷ് മിശ്രയുടെ പങ്ക് വെളിവായ സാഹചര്യത്തില്‍ ഒരു നിമിഷം പോലും അജയ് മിശ്രയ്ക്ക് കേന്ദ്രമന്ത്രിയായി തുടരാന്‍ യോഗ്യത ഇല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കേസില്‍ മുഖ്യ പ്രതി ആയ ആശിഷ് മിശ്രയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ്, കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ അജയ് മിശ്രയുടെ മകനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നിനാണ് ലഖീംപുരിലെ ടികോണിയയില്‍ വെച്ച് കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com