സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു; വീട്ടിൽ മൂന്ന് ദിവസത്തെ പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 03:16 PM  |  

Last Updated: 18th September 2021 03:16 PM  |   A+A-   |  

TAX RAID ON Sonu Sood'S HOUSE

സോനു സൂദ്/ ഫയൽ

 

ന്യൂഡൽഹി: ബോളിവുഡ് നടൻ സോനു സൂദ് നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്. 20 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. തുടർച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 

സോനുവും സഹായികളും ചേർന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്. വ്യാജ കമ്പനികളിൽ നിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചു. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും ആദയ നികുതി വകുപ്പ് വ്യക്തമാക്കി. 

സോനു സൂദിന്റെ മുംബൈയിലെ ഓഫീസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫീസുകളിൽ പരിശോധന നടത്തിയിട്ടുണ്ട്. 

കഴിഞ്ഞ 20 വർഷമായി ബോളിവുഡിൽ സജീവമാണു സോനു സൂദ്. എന്നാൽ, കോവിഡ് കാലത്തു നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിനു പുതിയ മേൽവിലാസം നൽകിയത്.  

ആം ആദ്മി പാർട്ടിയുമായി സഹകരിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സോനു സൂദിനെതിരെ ആദായനികുതി വകുപ്പ് കേസ് എടുത്തത്. പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.