കോണ്‍ട്രാക്ടറുടെ ആത്മഹത്യ: കര്‍ണാടക മന്ത്രിക്ക് എതിരെ കേസ്, അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍

തന്റെ മരണത്തിന് കാരണം ഈശ്വരപ്പയാണെന്ന് പറഞ്ഞ് സന്തോഷ് പൊലീസിന് സന്ദേശമയച്ചിരുന്നു
കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ/ഫയല്‍
കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ/ഫയല്‍


ബെംഗളൂരു: കോണ്‍ട്രാക്ടര്‍ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയില്‍ കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പയ്ക്ക് എതിരെ കേസ്. ആത്മഹത്യ പ്രേരണ കുറ്റത്തിന് ഒന്നാംപ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉഡുപ്പി പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് കര്‍ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയ്ക്ക് എതിരെ കോഴ ആരോപണം ഉന്നയിച്ച സിവില്‍ കോണ്‍ട്രാക്ടര്‍ സന്തോഷ് പാട്ടീലിനെ ഉഡുപ്പിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

എന്താണ് നടന്നതെന്ന് അറിയാന്‍ കെ എസ് ഈശ്വരപ്പയുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സന്തോഷ് പാട്ടിലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ് ഈശ്വരപ്പ, സ്റ്റാഫ് അംഗങ്ങളായ രമേഷ്, ബസവരാജ് എന്നിവര്‍ക്ക് എതിരെയാണ് പ്രശാന്ത് പരാതി നല്‍കിയിരിക്കുന്നത്. 

നാലുകോടി രൂപയുടെ റോഡ് പണി തീര്‍ക്കാനായി സന്തോഷ് സ്വന്തം കയ്യില്‍ നിന്ന് പണം ചെലവാക്കി. ബില്ല് മാറേണ്ട സമയമാപ്പോള്‍, മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളായ ബസവരാജും രമേഷും നാല്‍പ്പത് ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രശാന്തിന്റെ പരാതിയില്‍ പറയുന്നു. 

അതേസമയം, സന്തോഷ് പാട്ടിലിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ല എന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. ബുധനാഴ്ച രാവിലെ, ഉഡുപ്പി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സന്തോഷിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് സഹോദരന്‍ പ്രശാന്ത് പറഞ്ഞു. 

'പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് മുന്നേ പ്രതികളെ അറസ്റ്റ് ചെയ്യണം. മൃതദേഹം മണിപ്പാലിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നീതിക്ക് വേണ്ടിയാണ് പോരാടുന്നത്. സന്തോഷിന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.'- പ്രശാന്ത് പറഞ്ഞു.

അന്വേഷണം സത്യസന്ധമായി നടക്കുമെന്നും സംഭവത്തിന് പിന്നിലുള്ള എല്ലാം പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. തന്റെ മരണത്തിന് കാരണം ഈശ്വരപ്പയാണെന്ന് പറഞ്ഞ് സന്തോഷ് പൊലീസിന് സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ ഉഡുപ്പിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭരണകക്ഷിയായ ബിജെപിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയായിരുന്നു. മന്ത്രിക്കെതിരായ കോഴ ആരോപണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇദ്ദേഹം കത്ത് നല്‍കിയിരുന്നു. പതിനഞ്ച് ലക്ഷം രൂപ താന്‍ ഈശ്വരപ്പയ്ക്ക് നല്‍കിതായി സന്തോഷ് കത്തില്‍ അവകാശപ്പെട്ടിരുന്നു.

സന്തോഷിന്റെ മരണത്തിന് പിന്നാലെ, ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com