നൂറ് രൂപ പിന്‍വലിച്ചു, എസ്എംഎസ് കണ്ട് തൊഴിലാളി ഞെട്ടി; അക്കൗണ്ടില്‍ 2700 കോടി രൂപ!

അക്കൗണ്ടില്‍ നിന്ന് 100 രൂപ പിന്‍വലിച്ച ശേഷം വന്ന എസ്എംഎസ് സന്ദേശം കണ്ടാണ് ജീവനക്കാരന്‍ ഞെട്ടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അക്കൗണ്ട് ബാലന്‍സ് കണ്ട് തൊഴിലാളി ഞെട്ടി. അക്കൗണ്ടില്‍ നിന്ന് 100 രൂപ പിന്‍വലിച്ച ശേഷം വന്ന എസ്എംഎസ് സന്ദേശം കണ്ടാണ് ജീവനക്കാരന്‍ ഞെട്ടിയത്. സന്ദേശത്തില്‍ ജന്‍ ധന്‍ അക്കൗണ്ടില്‍ 2700 കോടി രൂപയാണ് ബാലന്‍സായി കാണിച്ചത്.

കനൗജിലെ കമല്‍പുര്‍ ഗ്രാമത്തിലെ ബിഹാരി ലാല്‍ ആണ് ഒരേ സമയം ചിരിക്കണമോ ഭയപ്പെടണമോ എന്നറിയാതെ  വിഷമിച്ചത്. തിങ്കളാഴ്ച ബാങ്ക് ഓഫ് ഇന്ത്യയിലെ ജന്‍ ധന്‍ അക്കൗണ്ടില്‍ നിന്നാണ് ബിഹാരി ലാല്‍ 100 രൂപ പിന്‍വലിച്ചത്. ഇതിന് പിന്നാലെ വന്ന സന്ദേശം കണ്ടാണ് 45കാരന്‍ സ്തബ്ധനായത്. 

അക്കൗണ്ടില്‍ 2700 കോടി രൂപ കണ്ട് അമ്പരന്ന ബിഹാരി ലാല്‍ ഉടന്‍ തന്നെ ബാങ്ക് ഓപ്പറേറ്ററുമായി ബന്ധപ്പെട്ടു. അക്കൗണ്ട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടാണ് ഓപ്പറേറ്ററെ സമീപിച്ചത്. എന്നാല്‍ സന്ദേശത്തില്‍ പറയുന്ന തുക അക്കൗണ്ടിലുള്ളതായാണ് ബാങ്ക് ഓപ്പറേറ്റര്‍ അറിയിച്ചത്. 

രാജസ്ഥാനില്‍ ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുന്ന ബിഹാരിലാലിന് 600 രൂപ മുതല്‍ 800 രൂപ വരെയാണ് പ്രതിദിന കൂലി. മണ്‍സൂണ്‍ തുടങ്ങിയതോടെ ഇഷ്ടിക ചൂള അടച്ചു. ബിഹാരി ലാല്‍ നാടായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങുകയായിരുന്നു.

എന്നാല്‍ ലാലിന്റെ അമ്പരപ്പ് അധികനേരം നീണ്ടുനിന്നില്ല. തുടര്‍ന്ന് ജന സേവ കേന്ദ്രത്തില്‍ ബാലന്‍സ് പരിശോധിച്ചപ്പോള്‍ 126 രൂപയാണ് കാണിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ അക്കൗണ്ടില്‍ 126 രൂപ മാത്രമേ ഉള്ളൂ എന്ന് കണ്ടെത്തിയതായി ലീഡ് ഡിസ്ട്രിക് മാനേജര്‍ അറിയിച്ചു.

ബാങ്കിന്റെ ഭാഗത്ത് നിന്ന് പിശക് സംഭവിച്ചത് കൊണ്ടാണ് ഉയര്‍ന്ന തുക അക്കൗണ്ടില്‍ കാണിച്ചത്. ബിഹാരി ലാലിന്റെ അക്കൗണ്ട് മരവിപ്പിച്ച് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചതായും ലീഡ് ഡിസ്ട്രിക് മാനേജര്‍ അഭിഷേക് സിന്‍ഹ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com