'ലൈംഗിക തൊഴിലാളിക്ക് രാജ്യത്തെ പൗരന്‍മാര്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്, പക്ഷേ..'

ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്ക് രാജ്യത്തെ പൗരനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്നും എന്നാല്‍ നിയമ ലംഘനത്തിനു പിടിയിലായാല്‍ പ്രത്യേക ആനുകൂല്യം അവകാശപ്പെടാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്ക് രാജ്യത്തെ പൗരനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്നും എന്നാല്‍ നിയമ ലംഘനത്തിനു പിടിയിലായാല്‍ പ്രത്യേക ആനുകൂല്യം അവകാശപ്പെടാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന കേസില്‍ അറസ്റ്റിലായ സ്ത്രീയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

പരാതിക്കാരിയുടെ കസ്റ്റഡിയില്‍നിന്ന് പതിമൂന്നു പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചും പോക്‌സോ നിയമപ്രകാരവുമാണ് പരാതിക്കാരിക്കെതിരെ കേസെടുത്തിട്ടുള്ളത്. മാതാവിന്റെ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരാഴ്ചത്തെ ഇടക്കാല ജാമ്യമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

പരാതിക്കാരിയെ ഇതുവരെ വിസ്തരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഇവര്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത് അംഗീകരിച്ചാണ് കോടതി നടപടി.

''ലൈംഗിക തൊഴിലാളിക്ക് രാജ്യത്തെ പൗരനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. എന്നാല്‍ നിയമ ലംഘനത്തിനു പിടിയിലായാല്‍ അതേ നിയമത്തിന്റെ ശിക്ഷണ നടപടികളിലൂടെയും അവര്‍ കടന്നുപോവേണ്ടിവരും. അതിനു പ്രത്യേക ആനൂകൂല്യമൊന്നും അവകാശപ്പെടാനാവില്ല.''- കോടതി വ്യക്തമാക്കി. കുട്ടിക്കടത്തും കുട്ടികളെ ലൈംഗികതൊഴിലിനു നിര്‍ബന്ധിക്കലും ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് പരാതിക്കാരിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com