പെഗസസ് ഫോൺ ചോർത്തൽ ഇന്ന് സുപ്രീംകോടതിയിൽ;  അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിക്കും

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് പരിശോധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് പരിശോധിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

ചീഫ് ജസ്റ്റിസ് എൻ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവരും പെഗസസ് കേസ് പരിഗണിക്കുന്ന ബെഞ്ചിലുണ്ട്. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുള്ളത്. അന്വേഷണം പൂർത്തിയാക്കുന്നതിന് സമിതിക്ക് ആദ്യം അനുവദിച്ചിരുന്ന സമയപരിധി മെയ് 20 വരെ ആയിരുന്നു. 

എന്നാൽ പിന്നീട് സമിതി ആവശ്യപ്പെട്ടതിനെ തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ ഇരുപത് വരെ സമയം നീട്ടി നൽകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴികൾ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. 

ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധയമാക്കുകയും ചെയ്തു. ചോര്‍ത്തപ്പെട്ട ഫോണുകളുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം അടക്കമുള്ളവ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പി പ്രഭാകരന്‍, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരടങ്ങിയ മറ്റൊരു സമിതിക്കും സുപ്രീം കോടതി രൂപം നല്‍കിയിരുന്നു.

പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയൊക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര-സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഏത് നിയമം പാലിച്ചാണ്, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമവിധേയമാണോ തുടങ്ങി ഏഴ് വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com