വിദ്വേഷപ്രസംഗക്കേസില്‍ യോഗി ആദിത്യനാഥിന് ആശ്വാസം; പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം തള്ളി

ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച യോഗത്തില്‍ വെച്ച് യോഗി ആദിത്യനാഥ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗക്കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശ്വാസം. വിദ്വേഷപ്രസംഗ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.  ജസ്റ്റിസ് സി ടി രവികുമാറാണ് വിധി പ്രസ്താവം വായിച്ചത്. 

2007 ല്‍ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. അലഹാബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന്റെ നടപടി ശരിവെച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. 

2017 ജനുവരി 27 ന് ഗോരഖ്പൂരില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച യോഗത്തില്‍ വെച്ച് യോഗി ആദിത്യനാഥ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ഇതില്‍ യോഗിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം 2017 മെയ് മൂന്നിന് യുപി സര്‍ക്കാര്‍ നിരസിച്ചു. ഇത് ചോദ്യം ചെയ്താണ് പര്‍വേശ് പര്‍വാസ് കോടതിയെ സമീപിച്ചത്. 

എന്നാല്‍ അലഹാബാദ് ഹൈക്കോടതി 2018 ഫെബ്രുവരി 22 ന് യുപി സര്‍ക്കാരിന്റെ നടപടി ശരിവെക്കുകയും, ഹര്‍ജി തള്ളിക്കളയുകയും ചെയ്തു. ഇതിനെതിരെയാണ് പരാതിക്കാരന്‍ സുപ്രീംകോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സി ടി രവികുമാര്‍, ഹിമ കോഹ്‌ലി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. 

ഇന്നു വിരമിക്കുന്ന ചീഫ് ജസ്റ്റിസിന്റെ കോടതി നടപടികള്‍ ലൈവായി സ്ട്രീമിങ് നടത്തി. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കോടതി നടപടികള്‍ ലൈവായി സ്ട്രീമിങ്ങ് നടത്തുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് എതിരായ ഹര്‍ജിയും ചീഫ് ജസ്റ്റിസിന്റെ കോടതി പരിഗണിച്ചിരുന്നു. വിശാലമായ നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com