ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി: സുപ്രീംകോടതിയില്‍ നാടകീയരംഗങ്ങള്‍; മൂന്നംഗ ബെഞ്ചിന് മുന്നില്‍ അടിയന്തര വാദം

ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കിയത്
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: ബംഗലൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ അനുവദിച്ചതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ കേസ് ചീഫ് ജസ്റ്റിസ് യു യു ലളിതിന് കൈമാറി. 

തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നല്‍കി. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, അഭയ് എസ് ഓഖ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിച്ചത്. കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. 

ഇതേത്തുടര്‍ന്ന് വൈകീട്ട് മൂന്നംഗ ബെഞ്ച് ഹര്‍ജിയില്‍ അടിയന്തരമായി വേദം കേള്‍ക്കല്‍ തുടങ്ങി. രാവിലെ കേസില്‍ വാദം കേട്ട ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് കൈമാറിയത്.

ബംഗലൂരു ചാമരാജ്‌പേട്ടിലെ ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കിയത്. ഗണേശ ചതുര്‍ത്ഥി നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് ആവശ്യപ്പെടാമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈദ്ഗാഹ് മൈതാനം സര്‍ക്കാര്‍ വകയായതിനാല്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം നടത്തണമെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്. കര്‍ണാടക വഖഫ് ബോര്‍ഡ് സ്വത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com