രാത്രി റോഡിലൂടെ നടന്നു, ദമ്പതികള്‍ക്ക് 3000 രൂപ 'പിഴയിട്ട്' പൊലീസ്; ദുരനുഭവം വിവരിച്ച് ട്വീറ്റുകള്‍, നടപടി

രാത്രി തെരുവിലൂടെ നടന്നതിന് പൊലീസ് 3000 രൂപ പിഴ ചുമത്തിയതായി ദമ്പതികളുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: രാത്രി തെരുവിലൂടെ നടന്നതിന് പൊലീസ് 3000 രൂപ പിഴ ചുമത്തിയതായി ദമ്പതികളുടെ പരാതി. ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് ദമ്പതികള്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പൊലീസ് ആരോപണവിധേയരായ സംപിഗെഹള്ളി പൊലീസ് കോണ്‍സ്റ്റബിളിനും ഹെഡ് കോണ്‍സ്റ്റബിളിനുമെതിരെ നടപടിയെടുത്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു.

ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. സുഹൃത്തിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പൊലീസിന്റെ പട്രോള്‍ വാഹനം തങ്ങളെ തടഞ്ഞുനിര്‍ത്തിയതായി കാര്‍ത്തിക് പറയുന്നു. 

യൂണിഫോമിലുള്ള രണ്ടു പൊലീസുകാര്‍ ഐഡി കാര്‍ഡ് ചോദിച്ചു.  'ഇത് കേട്ട ഞങ്ങള്‍ ഞെട്ടിപ്പോയി. സാധാരണ ദിവസം തെരുവിലൂടെ ദമ്പതികള്‍ നടന്നുപോകുമ്പോള്‍ ഐഡി കാര്‍ഡ് ചോദിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു? ആധാര്‍ കാര്‍ഡിന്റെ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. ഇതിന് ശേഷം ഞങ്ങളുടെ ഫോണ്‍ പിടിച്ചെടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് ചോദിച്ചത്'- കാര്‍ത്തിക് പറയുന്നു.

'അതിനിടെ ഒരു പൊലീസുകാരന്‍ ചലാന്‍ ബുക്ക് എടുത്ത് എഴുതാന്‍ തുടങ്ങി. പേരും ആധാര്‍ വിവരങ്ങളുമാണ് ബുക്കില്‍ രേഖപ്പെടുത്തിയത്. സംശയം തോന്നി, എന്തിനാണ് ചലാന്‍ എന്ന് ചോദിച്ചു? രാത്രി 11 മണിക്ക് ശേഷം റോഡിലൂടെ റോന്തുചുറ്റാന്‍ അനുവദിക്കില്ലെന്ന് പൊലീസുകാരില്‍ ഒരാള്‍ പറഞ്ഞു. സാഹചര്യം വഷളാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ക്ക് ഈ നിയമത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞു. തുടര്‍ന്ന് പിഴയായി 3000 രൂപ ചോദിച്ചു'- കാര്‍ത്തിക് പറയുന്നു.

'ഞങ്ങളെ പോകാന്‍ അനുവദിക്കാന്‍ കേണപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ല. ഇടയ്ക്ക് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഉപദ്രവം സഹിക്കാന്‍ വയ്യാതെയായി. അതിനിടെ എന്റെ ഭാര്യ കരയാന്‍ തുടങ്ങി. ഒരു സ്ത്രീയെ കൂടി പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് വിവാദമാകുമെന്ന് കണ്ട് പൊലീസുകാര്‍ നിലപാട് മയപ്പെടുത്തി. ഇതില്‍ ഒരു പൊലീസുകാരന്‍ എന്നെ മാറ്റി നിര്‍ത്തി കുറഞ്ഞത് ആയിരം രൂപയെങ്കിലും പിഴയായി അടച്ച് പ്രശ്‌നം തീര്‍ക്കാന്‍ പറഞ്ഞു. ഇതനുസരിച്ച് പേടിഎം വഴി ആയിരം രൂപ നല്‍കി.' - കാര്‍ത്തിക് ഇത്തരം 15 ട്വീറ്റുകളാണ് പങ്കുവെച്ചത്.

ദമ്പതികളെ തടഞ്ഞുനിര്‍ത്തി പിഴയീടാക്കിയ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അനൂപ് എ ഷെട്ടി പറഞ്ഞു. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ഡെപ്യൂട്ടി കമ്മീഷണര്‍ നന്ദിയും പറഞ്ഞു. ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കാര്‍ത്തിക് ട്വീറ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com