ദേഷ്യത്തില്‍ എന്തെങ്കിലും പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കര്‍ഷകന്റെ ആത്മഹത്യയില്‍ മൂന്നു പേര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

മുരാത് ലോധി എന്നയാളുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭുപേന്ദ്ര ലോധി എന്നയാള്‍ തന്നെ ആക്രമിക്കുകയും ശകാരിക്കുകയും ചെയ്‌തെന്നും ഇതില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുരാത് മരണമൊഴിയില്‍ പറഞ്ഞു. പരാതി നല്‍കി തിരിച്ചുവരും വഴി രാജേന്ദ്ര ലോധിയും ഭാനു ലോധിയും ചേര്‍ന്നു ഭീഷണിപ്പെടുത്തി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാവുമെന്നായിരുന്നു ഭീഷണി. 2020 ഒക്ടോബര്‍ 29ന് വീട്ടില്‍ വച്ച് കീടനാശിനി കഴിച്ച മുരാത് ആശുപത്രിയിലാണ് മരിച്ചത്.

രാജേന്ദ്ര, ഭൂപേന്ദ്ര, ഭാനു എന്നിവര്‍ക്കെതിരെ ഐപിസി 306, 34 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിചാരണക്കോടതി ഇവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആത്മഹത്യാ പ്രേരണയെന്നത് മാനസികമായ പ്രക്രിയയാണെന്ന്, വിവിധ സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് സുജോയ് പോള്‍ പറഞ്ഞു. ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ഒരാള്‍ക്കോ, ഒരു സംഘം ആളുകള്‍ക്കോ എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ പര്യാപ്തമല്ല. പോയി ചാവ് എന്ന് എന്നു ദേഷ്യത്തില്‍ പറയുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യയ്ക്കു കാരണം പ്രതികളുടെ പെരുമാറ്റമാണെന്ന് സ്ഥാപിക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com