ട്രാഫിക് സിഗ്നലുകളില്‍ നിന്ന് അടിച്ചു മാറ്റിയത് 230 ബാറ്ററികള്‍! പൊലീസിനെ വട്ടം കറക്കി ഭാര്യയും ഭർത്താവും; വലയില്‍

ട്രാഫിക് സിഗ്നലുകളില്‍ നിന്ന് അടിച്ചു മാറ്റിയത് 230 ബാറ്ററികള്‍! പൊലീസിനെ വട്ടം കറക്കി ഭാര്യയും ഭർത്താവും; വലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ട്രാഫിക് സിഗ്നലുകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. ബംഗളൂരുവിലാണ് സംഭവം. എസ് സിക്കന്ദര്‍ (30), ഇയാളുടെ ഭാര്യ നസ്മ സിക്കന്ദര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

നഗരത്തിന്റെ വിവിധയിടങ്ങളിലെ ട്രാഫിക് സിഗ്നലുകളില്‍ നിന്ന് നിരന്തരം ബാറ്ററി മോഷണം പോകുന്നത് പൊലീസിന് തലവേദനയായി മാറിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാരാണ് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. 

എട്ട് മാസത്തിനിടെ 68 ട്രാഫിക് ജംഗ്ഷനുകളില്‍ നിന്ന് ഏതാണ്ട് 230 ബാറ്ററികളാണ് ദമ്പതിമാര്‍ അടിച്ചുമാറ്റിയത്. ഓരോ ബാറ്ററിയും 18 കിലോ ഭാരമുള്ളതാണ്. 2021 ജൂണ്‍ മുതല്‍ 2022 ജനുവരി മാസത്തിനിടെയാണ് ദമ്പതിമാര്‍ ഇത്രയും മോഷണങ്ങള്‍ നടത്തിയത്. 

പുലര്‍ച്ചെ ട്രാഫിക് ജംഗ്ഷനില്‍ ഇരു ചക്ര വാഹനത്തിലെത്തി ബാറ്ററികള്‍ അടിച്ചുമാറ്റുന്നതാണ് ഇവരുടെ രീതി. ഈ ബാറ്ററികള്‍ പിന്നീട് മറിച്ചു വില്‍ക്കും. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയത്താണ് ഇവര്‍ തങ്ങളുടെ ഇരു ചക്ര വാഹനവുമായി മോഷണത്തിന് ഇറങ്ങുന്നത്. ക്യാമറയില്‍ വണ്ടിയുടെ നമ്പര്‍ പതിയതിരിക്കാന്‍ ലൈറ്റ് ഓഫ് ചെയ്താണ് ഇവര്‍ മോഷണം നടത്തുന്നത്. 

എല്ലാ ആഴ്ചകളിലും നഗരത്തിലെ ഒരോ ജംഗ്ഷനുകളില്‍ നിന്ന് ട്രാഫിക് സിഗ്നല്‍ തകരാറിലായെന്ന് പരാതികള്‍ ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പരിശോധനയില്‍ ഇവിടെങ്ങളിലെല്ലാം ബാറ്ററി കാണാതാകുന്നതും ശ്രദ്ധിച്ചു. പൊലീസ് പറയുന്നു. 

ഇതോടെയാണ് സംശയം തോന്നിയത്. പിന്നീട് 300 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയില്‍ ഒരു സ്ത്രീയും പുരുഷനും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. 4,000 സ്‌കൂട്ടറുകളും പരിശോധിച്ചു. ഇത്തരം വണ്ടികളുള്ള 350 പേരെ ചോദ്യവും ചെയ്തു. പിന്നാലെയാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തത്- പൊലീസ് വ്യക്തമാക്കി. 

സിക്കന്ദര്‍ ചായ വില്‍പ്പനക്കാരനാണ്. നസ്മ തയ്യല്‍ ജോലിക്കാരിയാണ്. 2017ലും 18ലും ഇരു ചക്ര വാഹനങ്ങള്‍ മോഷ്ടിച്ചതിന് സിക്കന്ദര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com